അമേരിക്കയിൽ നിന്നും ജാവലിൻ ആന്റി ടാങ്ക് മിസൈൽ വാങ്ങാൻ ഇന്ത്യ; കരാർ അന്തിമമാക്കി

ഇന്ത്യൻ സൈന്യത്തിന്റെ ടാങ്ക് വിരുദ്ധ ശേഷി കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് ജാവലിൻ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ ഇന്ത്യ അന്തിമമാക്കി. യുഎസ് ഫോറിൻ മിലിട്ടറി സെയിൽസ് (FMS) സംവിധാനത്തിന് കീഴിൽ ആയുധങ്ങൾ വാങ്ങുന്നതിനുള്ള ‘ലെറ്റർ ഓഫ് ഓഫർ ആൻഡ് ആക്‌സപ്റ്റൻസ്’ കരാറിൽ ഇന്ത്യൻ സൈന്യം വെള്ളിയാഴ്ച ഒപ്പുവച്ചു.

ഇന്ത്യയുടെ തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള ശക്തമായ പ്രതിരോധ പങ്കാളിത്തത്തിന്റെ പ്രതിഫലനമാണ് കരാറെന്ന് വാഷിംഗ്ടൺ വ്യക്തമാക്കി. ഭാവിയിൽ പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണത്തിനും സംയുക്ത ഉൽപാദനത്തിനുമുള്ള സാധ്യതകൾ കരാർ തുറക്കുമെന്നും അമേരിക്ക അറിയിച്ചു.

“ഈ ചരിത്രപരമായ ഒപ്പുവയ്ക്കൽ ഇന്ത്യൻ സൈന്യത്തിന് യുഎസ് നൽകുന്ന പിന്തുണയുടെ ആഴം വ്യക്തമാക്കുന്നതാണ്. യുഎസ്-ഇന്ത്യ പ്രധാന പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം പരസ്പരം പ്രയോജനകരമായ സഹ-ഉൽപാദനത്തിനുള്ള അവസരങ്ങളും ഇത് തുറക്കും,” ഇന്ത്യയിലെ യുഎസ് എംബസി വ്യക്തമാക്കി.

ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർയും കരാറിനെ നിർണായക ചുവടുവയ്പായി വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിരോധ വ്യവസായങ്ങൾക്ക് കൂടുതൽ സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ ഇതിലൂടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ്-ഇന്ത്യ പ്രതിരോധ സഹകരണം അഭൂതപൂർവമായ ഉയരത്തിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലുള്ളതും ഭാവിയിൽ വികസിപ്പിക്കപ്പെടുന്നതുമായ ശത്രുവിന്റെ കവചിത വാഹനങ്ങളെ നേരിടുന്നതിനായി രൂപകൽപ്പന ചെയ്ത മാൻ-പോർട്ടബിൾ, ഫയർ ആൻഡ് ഫോർഗെറ്റ് മിസൈൽ സംവിധാനമാണ് ജാവലിൻ. അമേരിക്കൻ പ്രതിരോധ കമ്പനികളായ റെയ്തിയോണും ലോക്ക്ഹീഡ് മാർട്ടിനും ചേർന്നാണ് ജാവലിൻ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.

ഒരു സൈനികന് തന്നെ വഹിച്ചുകൊണ്ടുപോകാൻ കഴിയുന്ന രീതിയിലാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ‘ഫയർ ആൻഡ് ഫോർഗെറ്റ്’ സാങ്കേതികവിദ്യയുടെ പ്രത്യേകത മിസൈൽ തൊടുത്തുവിട്ടതിന് ശേഷം ലക്ഷ്യത്തെ പിന്തുടരാൻ സൈനികന് അതേ സ്ഥാനത്ത് തുടരേണ്ടിവരില്ല എന്നതാണ്.

കവചിത വാഹനങ്ങൾക്കും ടാങ്കുകൾക്കും ശക്തമായ ശത്രു സ്ഥാനങ്ങൾക്കുമെതിരെ ഉപയോഗിക്കാനാകുന്ന ജാവലിൻ മിസൈൽ അമേരിക്കൻ സൈന്യവും മറൈൻ കോർപ്സും ഉപയോഗിക്കുന്നുണ്ട്. യുക്രെയ്ൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളും ഈ ആയുധ സംവിധാനം സ്വന്തമാക്കിയിട്ടുണ്ട്.

ജാവലിൻ സംവിധാനങ്ങൾ സ്വന്തമാക്കാനുള്ള പദ്ധതി ഇന്ത്യയുടെ പ്രതിരോധ സംഭരണ പട്ടികയിൽ ഏറെക്കാലമായി ഉണ്ടായിരുന്നു. ഏകദേശം 45.7 മില്യൺ ഡോളർ മൂല്യമുള്ള 100 FGM-148 ജാവലിൻ മിസൈലുകൾ, പരീക്ഷണ ആവശ്യത്തിനുള്ള ഒരു മിസൈൽ, 25 ലൈറ്റ്‌വെയ്റ്റ് കമാൻഡ് ലോഞ്ച് യൂണിറ്റുകൾ (LwCLU) എന്നിവയും അനുബന്ധ ഉപകരണങ്ങളും ഇന്ത്യയ്ക്ക് വിൽക്കുന്നതിന് യുഎസ് നേരത്തെ അംഗീകാരം നൽകിയിരുന്നു.

മെയ് മാസത്തിൽ ഇന്ത്യയുമായി ചേർന്ന് ജാവലിൻ മിസൈലുകൾ സഹകരിച്ച് നിർമ്മിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കിയിരുന്നു. അത്യാധുനിക ആയുധ സംവിധാനങ്ങളുടെ സംയുക്ത നിർമാണം ഇരു രാജ്യങ്ങളുടെയും സുരക്ഷാ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളുടെ പ്രധാന ഉപഭോക്താക്കളിലൊന്നായി ഇന്ത്യ മാറിയിട്ടുണ്ട്. എക്സ്കാലിബർ ആർട്ടിലറി സംവിധാനങ്ങൾ, പി-8ഐ സമുദ്ര നിരീക്ഷണ വിമാനങ്ങൾ, അപ്പാച്ചെ ഹെലികോപ്റ്ററുകൾ, എംഎച്ച്-60ആർ സീഹോക്ക് ഹെലികോപ്റ്ററുകൾ, എം777 അൾട്രാ-ലൈറ്റ് ഹോവിറ്റ്സറുകൾ, സിഗ് സോവർ റൈഫിളുകൾ തുടങ്ങിയ നിരവധി സംവിധാനങ്ങൾ ഇന്ത്യയുടെ പ്രതിരോധ ശേഖരത്തിലുണ്ട്.

എംഎച്ച്-60ആർ ഹെലികോപ്റ്ററുകളുടെ പരിപാലനത്തിനായി കഴിഞ്ഞ വർഷം ഏകദേശം 7,995 കോടി രൂപയുടെ കരാറിലും ഇന്ത്യ ഒപ്പുവച്ചിരുന്നു. 2024 ഒക്ടോബറിൽ 31 MQ-9B അഡ്വാൻസ്ഡ് ഡ്രോണുകൾ വാങ്ങുന്നതിനുള്ള കരാറും ഒപ്പുവച്ചു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ വിപുലമാകുന്ന സാഹചര്യത്തിലാണ് ജാവലിൻ മിസൈൽ കരാറും എത്തുന്നത്. അത്യാധുനിക ആയുധങ്ങളുടെ വാങ്ങലിനൊപ്പം സംയുക്ത നിർമാണത്തിനും സാങ്കേതിക സഹകരണത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന സമീപനമാണ് ഇരു രാജ്യങ്ങളും സ്വീകരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക