ഇടതുമുന്നണി രൂപീകരിച്ച കാലം മുതൽ പ്രതിപക്ഷ ഉപനേതാവ് പദവി സിപിഎമ്മിന് ; സിപിഐയുടെ അവകാശവാദത്തിനെതിരെ സിപിഐഎം

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി സിപിഐഎം. ഇടതുമുന്നണി രൂപീകരിച്ച കാലം മുതൽ പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐഎമ്മിനാണ് ലഭിച്ചിട്ടുള്ളതെന്ന് പാർട്ടി വ്യക്തമാക്കി. വിഷയത്തിൽ സിപിഐ ഉയർത്തുന്ന വാദങ്ങൾ യുക്തിസഹമല്ലെന്നും മുന്നണി മര്യാദകൾ പാലിച്ചാണ് ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കേണ്ടതെന്നും സിപിഐഎം വ്യക്തമാക്കി.

‘ദേശാഭിമാനി’യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ നിലപാട് വിശദീകരിച്ചത്. വലതുപക്ഷ മാധ്യമങ്ങളുടെ താളത്തിനനുസരിച്ചാണ് സിപിഐയുടെ നിലപാടുകളെന്ന വിമർശനവും ലേഖനത്തിൽ ഉന്നയിക്കുന്നു.

പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട സിപിഐയുടെ ആവശ്യം യുക്തിപരമല്ലെന്നും, ഇത്തരം കാര്യങ്ങൾ മുന്നണി യോഗത്തിലാണ് ഉന്നയിക്കേണ്ടിയിരുന്നതെന്നും ലേഖനത്തിൽ പറയുന്നു. പകരം മാധ്യമങ്ങളിലൂടെ വിഷയം അവതരിപ്പിച്ച് അനാവശ്യ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയെന്നും സിപിഐഎം കുറ്റപ്പെടുത്തി.

ഉപനേതാവ് പദവി സംബന്ധിച്ച നിലവിലെ കീഴ്‌വഴക്കം ചൂണ്ടിക്കാണിക്കുക മാത്രമാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതെന്നും ലേഖനം പറയുന്നു. നിലവിലുള്ള കീഴ്‌വഴക്കം മാറ്റേണ്ടതിന്റെ ന്യായം സിപിഐ വ്യക്തമാക്കിയിട്ടില്ലെന്നും സിപിഐഎം ചൂണ്ടിക്കാട്ടുന്നു.

പുതിയ അവകാശവാദങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ ഐക്യത്തിന് ഹാനികരമായ സാഹചര്യം സൃഷ്ടിക്കരുതെന്നും ലേഖനത്തിൽ മുന്നറിയിപ്പ് നൽകുന്നു. മുന്നണിയിലെ ഒരു ഘടകകക്ഷിയും ഇത്തരം നീക്കങ്ങൾക്ക് ഇടം നൽകാൻ പാടില്ലെന്നും സിപിഐഎം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക