ഹിമാനി ദുരന്തത്തിന് പിന്നാലെ നേപ്പാളിന് പുതിയ ഭീഷണി; ഭോട്ടെ കോസി നദിയിൽ ജലനിരപ്പ് അതിവേഗം ഉയരുന്നു

ഹിമാനി തകർച്ചയെ തുടർന്നുണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ ആഘാതത്തിൽ നിന്ന് പൂർണമായും മുക്തമാകുന്നതിനുമുമ്പ് നേപ്പാൾ വീണ്ടും ആശങ്കയിൽ. ഭോട്ടെ കോസി നദിയിലെ ജലപ്രവാഹം പെട്ടെന്ന് വർധിച്ചതിനെ തുടർന്ന് ദേശീയ ദുരന്ത നിവാരണ-മാനേജ്‌മെന്റ് അതോറിറ്റി (എൻഡിആർആർഎംഎ) കടുത്ത വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

നദീതട പ്രദേശങ്ങളിലെ ജനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. ടിബറ്റ് അതിർത്തിക്ക് സമീപമുള്ള ഹിമാലയ മേഖലയിൽ ഹിമാനി തകർന്നുണ്ടായ ദുരന്തത്തിൽ നിരവധി ഗ്രാമങ്ങൾ നശിക്കുകയും വ്യാപക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഭോട്ടെ കോസി നദിയിൽ നിന്ന് പുതിയ ഭീഷണി ഉയരുന്നത്.

റസുവ ജില്ലാ ഭരണകൂട ഓഫീസിന് ലഭിച്ച വിവരമനുസരിച്ച് ഭോട്ടെ കോസി നദിയിലെ വെള്ളപ്പൊക്കത്തിന്റെ ശക്തിയും ഒഴുക്കും ഗണ്യമായി വർധിച്ചതായി എൻഡിആർആർഎംഎ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ റസുവ, നുവാക്കോട്ട്, ധാഡിംഗ് ജില്ലകളിലെ അധികൃതർക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

നദിക്കരയിലുള്ള പ്രദേശങ്ങളിലെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് പുതുക്കിയ അറിയിപ്പുകൾ നൽകുമെന്നും അവർ അറിയിച്ചു.

തുടർന്ന് പുറത്തിറക്കിയ മറ്റൊരു മുന്നറിയിപ്പിൽ ഭോട്ടെ കോസി നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് എൻഡിആർആർഎംഎ അറിയിച്ചു. ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

റസുവ, നുവാക്കോട്ട്, ധാഡിംഗ്, ചിത്വാൻ ഉൾപ്പെടെയുള്ള ദുരിതബാധിത മേഖലകളിലെ ജനങ്ങൾക്കും നദീതീര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ അപ്രതീക്ഷിതമായി മാറിയ സാഹചര്യത്തിൽ ദുരന്തനിവാരണ സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കുകയും നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുകയും ചെയ്തതായി നേപ്പാൾ അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക