കേരളത്തിൽ നിരവധി ക്രിക്കറ്റ് പ്രതിഭകൾ; കേരള ക്രിക്കറ്റ് ലീഗിനെ പ്രശംസിച്ച് ക്രിസ് ഗെയ്ൽ

കേരളത്തിൽ മികച്ച ക്രിക്കറ്റ് പ്രതിഭകൾ നിരവധിയുണ്ടെന്നും അവരുടെ കഴിവ് പുറത്തെടുക്കാൻ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) പോലുള്ള ടൂർണമെന്റുകൾ മികച്ച വേദിയാണെന്നും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. കെസിഎല്ലിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമ കൂടിയാണ് ഗെയ്ൽ.

കേരളത്തിലേക്ക് വീണ്ടും എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഗെയ്ൽ പറഞ്ഞു. ഒരു സുഹൃത്ത് വഴിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഭാഗമായതെന്നും അദ്ദേഹം വ്യക്തമാക്കി. കളിക്കളത്തിലെ കരിയർ അവസാനിപ്പിച്ചെങ്കിലും ക്രിക്കറ്റുമായുള്ള ബന്ധം തുടരുകയാണ്. പുതിയ തലമുറയിലെ താരങ്ങൾക്ക് മെന്ററായി പ്രവർത്തിക്കാനും തന്റെ അനുഭവങ്ങളും അറിവുകളും അവരുമായി പങ്കുവയ്ക്കാനും കഴിയുന്ന പുതിയ ദൗത്യം ഏറെ ആസ്വദിക്കുന്നുണ്ടെന്നും ഗെയ്ൽ പറഞ്ഞു.

ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും നിരവധി മികച്ച താരങ്ങളുണ്ടെന്നും ഐപിഎല്ലിലൂടെ രാജ്യത്തെ യുവപ്രതിഭകളുടെ കഴിവ് ലോകം കാണുന്നുണ്ടെന്നും ഗെയ്ൽ ചൂണ്ടിക്കാട്ടി. കേരള ക്രിക്കറ്റ് ലീഗ് പോലുള്ള മത്സരങ്ങൾ ആഭ്യന്തര താരങ്ങൾക്ക് കഴിവ് തെളിയിക്കാനും ഉയർന്ന തലത്തിലേക്ക് എത്താനുള്ള അവസരം നേടാനും സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സും തൃശ്ശൂർ ടൈറ്റൻസും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ആരാധകർക്ക് ആവേശം പകരാൻ ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനവും അരങ്ങേറി.

ആവേശം അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ തൃശ്ശൂർ ടൈറ്റൻസിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഒരു റൺസിന്റെ നാടകീയ വിജയം സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിലെ ആവേശത്തിനൊപ്പം ഗെയ്‌ലിന്റെ സാന്നിധ്യവും ആരാധകർക്ക് വേറിട്ട അനുഭവമായി.

മറുപടി രേഖപ്പെടുത്തുക