മലപ്പുറം കിഴിശ്ശേരിയിലെ ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വാഹന മോഡിഫിക്കേഷന്റെ പേരിൽ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്ന നിയമങ്ങൾ പരിഷ്കരിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം സർക്കാർ പാലിച്ചിരുന്നെങ്കിൽ ഷൗക്കത്തിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
കേരളത്തിലെ ആർടിഒ ഓഫീസുകളിൽ സാധാരണക്കാർ നേരിടുന്ന പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും നേർസാക്ഷ്യമാണ് ഷൗക്കത്തിന്റെ മരണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മോട്ടോർ വാഹന വകുപ്പിലെ നടപടിക്രമങ്ങൾ സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎം ഭരിച്ചിരുന്ന കാലത്തും ഇപ്പോഴത്തെ കോൺഗ്രസ്-മുസ്ലിം ലീഗ് സഖ്യ സർക്കാരിന്റെ കാലത്തും ആർടിഒ ഓഫീസുകളുടെ പ്രവർത്തനത്തിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന അഴിമതി കേന്ദ്രങ്ങളായി മോട്ടോർ വാഹന വകുപ്പ് മാറിയെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും വ്യത്യസ്തമെന്ന് പറയുമ്പോഴും പ്രവർത്തനത്തിൽ ഒരേ നിലപാടാണെന്നും അദ്ദേഹം വിമർശിച്ചു. തങ്ങളെ വിശ്വസിച്ച് വോട്ട് ചെയ്ത യുവാക്കളെ സർക്കാർ വഞ്ചിക്കുകയാണെന്നും അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
മലപ്പുറം കിഴിശ്ശേരി പുളിയക്കോട് മുണ്ടപ്പറമ്പ് സ്വദേശിയായ ഷൗക്കത്ത് (33) കഴിഞ്ഞ വ്യാഴാഴ്ചയാണ് ജീവനൊടുക്കിയത്. ഇടനിലക്കാരുടെ സഹായമില്ലാതെ നേരിട്ട് എത്തിയതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചുവെന്ന് ആരോപിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ.
സംഭവത്തിൽ കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിനെതിരെ ലഭിച്ച പരാതികളിൽ ഗതാഗത മന്ത്രി സി.പി. ജോൺ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. വിവിധ തൊഴിലാളി യൂണിയനുകളും സംഭവത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ മാർച്ച് നടത്തി. സർക്കാരിനെതിരെ പ്രതിപക്ഷവും ശക്തമായ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ ഷൗക്കത്തിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള സമ്മർദവും ശക്തമാകുകയാണ്.
