മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും കൃഷിവകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട് പ്രതിഷേധം. നീന്തൽ മത്സരത്തിലെ വിജയി ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു. രക്ഷിതാവിന്റെ പ്രതിഷേധത്തെ തുടർന്ന് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറാണ് പിന്നീട് സമ്മാനം കൈമാറിയത്.
കാലിക്കറ്റ് പെഡൽസ് ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നീന്തൽ മത്സരത്തിനിടെയാണ് സംഭവം. പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ ശ്രീറാം വെങ്കിട്ടരാമൻ വിജയികൾക്ക് സമ്മാനം നൽകുന്നതിനായി വേദിയിലെത്തിയപ്പോഴാണ് മത്സര വിജയിയുടെ രക്ഷിതാവ് പരസ്യമായി പ്രതിഷേധിച്ചത്.
കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് സമ്മാനം വാങ്ങില്ലെന്ന് രക്ഷിതാവ് വ്യക്തമാക്കി. സംഘാടകർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിലപാടിൽ നിന്ന് പിന്മാറാൻ രക്ഷിതാവ് തയ്യാറായില്ല.
തുടർന്ന് സംഘാടകർ ഇടപെട്ട് ശ്രീറാം വെങ്കിട്ടരാമനെ സമ്മാനദാന ചടങ്ങിൽ നിന്ന് മാറ്റിനിർത്തി. പിന്നാലെ വേദിയിലുണ്ടായിരുന്ന കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ നീന്തൽ മത്സര വിജയിക്ക് സമ്മാനം കൈമാറുകയായിരുന്നു. സംഭവം പരിപാടിക്കിടെ ഏറെ നേരം ചർച്ചകൾക്കും പ്രതിഷേധത്തിനും ഇടയാക്കി.
