അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുന്ന ഇറാൻ-യുഎസ് സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ മുൻകൈയെടുക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെയായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച.
സംഘർഷാവസ്ഥയിൽ ഇന്ത്യയുടെ നയതന്ത്ര സ്വാധീനവും ബന്ധങ്ങളും ഉപയോഗപ്പെടുത്തി പ്രശ്നപരിഹാരത്തിന് സഹായിക്കണമെന്നാണ് ഇറാൻ ആവശ്യപ്പെട്ടത്. ദുഷ്കരമായ സാഹചര്യങ്ങളിൽ ഇന്ത്യ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച പെസെഷ്കിയാൻ, സംഭാഷണവും സഹകരണവുമാണ് പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരമെന്നും വ്യക്തമാക്കി.
യുദ്ധപാത ഉപേക്ഷിച്ച് നയതന്ത്രപരമായ ചർച്ചകളിലേക്ക് മടങ്ങേണ്ടത് അനിവാര്യമാണെന്നും, മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇന്ത്യയുടെ പങ്കാളിത്തം നിർണായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായുള്ള കൂടിക്കാഴ്ചയിൽ സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. പ്രയാസകരമായ സാഹചര്യങ്ങളിലും ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം ശക്തമായി തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പെസെഷ്കിയാനെ സമാധാനത്തിനായി പ്രവർത്തിക്കുന്ന നേതാവായി വിശേഷിപ്പിച്ച മോദി, മേഖലയിൽ സംഘർഷം കുറയ്ക്കുന്നതിനും സംവാദത്തിന് പ്രാധാന്യം നൽകുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് പറഞ്ഞു. യുദ്ധങ്ങളിൽ നിന്ന് ചില ശക്തികൾ നേട്ടം തേടിയേക്കാമെങ്കിലും, സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ആഗോള ശ്രമങ്ങൾ ശക്തിപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹോർമുസ് കടലിടുക്കിനോട് ചേർന്ന മേഖലയിൽ അടുത്തിടെ ഉണ്ടായ സൈനിക നീക്കങ്ങൾക്കും പരസ്പര ആക്രമണങ്ങൾക്കും പിന്നാലെയാണ് ഈ കൂടിക്കാഴ്ച ശ്രദ്ധ നേടുന്നത്. ബാഹ്യ സമ്മർദ്ദങ്ങൾക്കിടയിലും ഗതാഗതം, സമുദ്രകാര്യങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ തയ്യാറാണെന്ന് ഇറാൻ നേതൃത്വം വ്യക്തമാക്കി.
