ഇന്ത്യൻ അതിർത്തിക്ക് സമീപം വൻ ജലവൈദ്യുത പദ്ധതി; ബ്രഹ്മപുത്രയിൽ ചൈന നിർമ്മിക്കുന്ന അണക്കെട്ട് ‘ജല ബോംബ് സാധ്യത’യെക്കുറിച്ച് ആശങ്ക ഉയർത്തുന്നു

ഇന്ത്യയുമായുള്ള സൈനികവൽക്കരിക്കപ്പെട്ട അതിർത്തിക്ക് സമീപം ടിബറ്റിൽ ചൈന നിർമിക്കുന്ന വൻ ജലവൈദ്യുത പദ്ധതിയെച്ചൊല്ലി ആശങ്ക ശക്തമാകുന്നു. അന്താരാഷ്ട്രതലത്തിൽ ബ്രഹ്മപുത്ര എന്നറിയപ്പെടുന്ന യാർലുങ് സാങ്പോ നദിയിൽ നിർമിക്കുന്ന കൂറ്റൻ അണക്കെട്ട് ഗുരുതരമായ ഭൂമിശാസ്ത്രപരമായ അപകടസാധ്യതകൾ നേരിടുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ലോകത്തിലെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളിലൊന്നായ ഹിമാലയൻ ഭൂകമ്പ മേഖലയിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്. പ്രദേശത്തിന് ശക്തമായ ഭൂകമ്പങ്ങളുടെ ദീർഘകാല ചരിത്രവുമുണ്ട്. അണക്കെട്ടിന്റെ നിർമാണവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ വിദേശ നിരീക്ഷകർ മാത്രമല്ല, ചൈനീസ് ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

‘പ്രോജക്ട് സിൻഡിക്കേറ്റിൽ’ എഴുതിയ ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ പോളിസി റിസർച്ചിലെ സ്ട്രാറ്റജിക് സ്റ്റഡീസ് പ്രൊഫസർ എമെറിറ്റസ് ബ്രഹ്മ ചെല്ലാനിയാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകൾ ചൂണ്ടിക്കാട്ടിയത്. ചൈനീസ് മന്ദാരിൻ ഭാഷാ ജേണലായ ‘സെഡിമെന്ററി ജിയോളജി ആൻഡ് ടെതിയൻ ജിയോളജി’യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അണക്കെട്ട് നിർമിക്കുന്ന പ്രദേശത്തെ ഗുരുതരമായ ഭൂമിശാസ്ത്ര അപകടസാധ്യതകൾ വിശദീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

നിർമാണ മേഖലയിലെ ഭൂഭാഗത്തിന് അയഞ്ഞ ഘടനയും ദുർബലമായ ഏകീകരണവുമാണുള്ളതെന്നാണ് ചൈനീസ് ഭൂഗർഭശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഭൂചലനമോ ഭൂമിയിലെ വിള്ളൽ ചലനമോ ഉണ്ടായാൽ വലിയ തോതിലുള്ള ഭൂഅസ്ഥിരതയ്ക്ക് സാധ്യതയുണ്ടെന്നും ഇത് ജലസംഭരണിയെയും സമീപത്തെ അടിസ്ഥാന സൗകര്യങ്ങളെയും ബാധിക്കുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

ജലസംഭരണിയുടെ ചരിവുകൾ കൂടുതൽ ശക്തിപ്പെടുത്തുക, സംരക്ഷണ ഘടനകൾ സ്ഥാപിക്കുക, അപകടസാധ്യത കുറയ്ക്കുന്നതിനായി പദ്ധതിയിലെ നിർണായക ഘടകങ്ങളുടെ രൂപകൽപ്പന പുനഃപരിശോധിക്കുക തുടങ്ങിയ നിർദേശങ്ങളും പഠനത്തിൽ മുന്നോട്ടുവച്ചിട്ടുണ്ടെന്ന് ചെല്ലാനി പറഞ്ഞു.

ബ്രഹ്മപുത്ര നദി വടക്കുകിഴക്കൻ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമായ ജീവരേഖയാണ്. കൃഷി, മത്സ്യബന്ധനം, തണ്ണീർത്തടങ്ങൾ എന്നിവയ്ക്കും ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനത്തിനും നദി വലിയ പങ്കുവഹിക്കുന്നു. ഇന്ത്യയിലൂടെ ഒഴുകിയെത്തുന്ന നദി പിന്നീട് ബംഗ്ലാദേശിലേക്കും പ്രവേശിക്കുന്നു.

ടിബറ്റിലെ വൻ അണക്കെട്ട് പദ്ധതികൾ അതിർത്തി കടന്നുള്ള നദിയുടെ സ്വാഭാവിക ഒഴുക്കിനെയും നദീതടങ്ങളിലെ ആവാസവ്യവസ്ഥയെയും ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജലത്തിന്റെ ഒഴുക്കിനൊപ്പം താഴ്ന്ന പ്രദേശങ്ങളിലെ കൃഷിഭൂമികളുടെ ഫലഭൂയിഷ്ഠത നിലനിർത്തുന്ന അവശിഷ്ടങ്ങളുടെ സ്വാഭാവിക സഞ്ചാരത്തെയും അണക്കെട്ട് തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

അണക്കെട്ടിന് ഗുരുതരമായ ഘടനാപരമായ തകരാർ സംഭവിക്കുകയോ ഭൂകമ്പത്തെ തുടർന്ന് വലിയ തോതിൽ ജലം അടിയന്തരമായി തുറന്നുവിടേണ്ട സാഹചര്യമുണ്ടാകുകയോ ചെയ്താൽ താഴ്ന്ന പ്രദേശങ്ങളിൽ വൻ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ പ്രത്യാഘാതം ഇന്ത്യയിൽ മാത്രമല്ല, ജനസാന്ദ്രതയേറിയ ബംഗ്ലാദേശിലും ഗുരുതരമായ മാനുഷിക ദുരന്തത്തിന് കാരണമാകാമെന്നാണ് വിലയിരുത്തൽ.

ജലസ്രോതസ്സുകളെ തന്ത്രപരമായ സ്വാധീനത്തിനുള്ള ഉപാധിയായി ചൈന ഉപയോഗിക്കുന്നുവെന്ന വിമർശനവും ഇതിനൊപ്പം ശക്തമാകുകയാണ്. ഏഷ്യയിലെ നിരവധി പ്രധാന നദികളുടെ ഉറവിടമായ ടിബറ്റൻ പീഠഭൂമിയിലെ നിയന്ത്രണം ചൈനയ്ക്ക് വലിയ തന്ത്രപ്രധാനമായ നേട്ടമാണ് നൽകുന്നത്. അതിർത്തി കടന്നൊഴുകുന്ന നദികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കിടുന്നതിലും ജലവിഭവ സഹകരണത്തിലും ചൈന കൂടുതൽ സുതാര്യത പുലർത്തണമെന്ന ആവശ്യവും ഉയരുന്നു.

ചൈനീസ് ശാസ്ത്രജ്ഞർ തന്നെ പദ്ധതിയുടെ ഭൂമിശാസ്ത്രപരമായ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സാഹചര്യത്തിൽ, പദ്ധതിയുടെ സുരക്ഷയും അതിർത്തി കടന്നുള്ള ജലപ്രവാഹവും സംബന്ധിച്ച് കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്നാണ് വിദഗ്ധരുടെ ആവശ്യം. അല്ലാത്തപക്ഷം ടിബറ്റിലെ ഒരു എഞ്ചിനീയറിങ് അപകടം ഇന്ത്യയിലും ബംഗ്ലാദേശിലും വലിയ ദുരന്തമായി മാറാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഉയരുന്നത്.

മറുപടി രേഖപ്പെടുത്തുക