ഗാസയെ നിരായുധീകരിക്കാനും സൈനികവൽക്കരണം അവസാനിപ്പിക്കാനുമുള്ള പ്രതിബദ്ധത ഹമാസ് വീണ്ടും ആവർത്തിച്ചതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരെഡ് കുഷ്നറുമായി നടന്ന നേരിട്ടുള്ള കൂടിക്കാഴ്ചയിലാണ് ഹമാസ് ഇക്കാര്യം അറിയിച്ചതെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
ജൂലൈ അവസാനത്തിൽ ഹമാസ് ആദ്യമായി മുന്നോട്ടുവച്ച നിരായുധീകരണ വാഗ്ദാനം പ്രാവർത്തികമാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ കൂടിക്കാഴ്ച നടന്നതെന്നാണ് റിപ്പോർട്ട്. ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ മേൽനോട്ടത്തിനായി രൂപീകരിച്ച അന്താരാഷ്ട്ര സംഘടനയായ “സമാധാന ബോർഡ്” മുഖേനയാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
ഗാസയിലെ സിവിലിയൻ, സുരക്ഷാ നിയന്ത്രണങ്ങൾ ഒരു സാങ്കേതിക ഭരണകൂടത്തിന് കൈമാറുകയും ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് “ചരിത്രപരമായ ധാരണ” കൈവരിച്ചതായി നേരത്തെ സമാധാന ബോർഡ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർനടപടികളാണ് ഇപ്പോൾ ചർച്ചയായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതിന് പകരമായി, ഗാസയിൽ നിന്ന് ഘട്ടംഘട്ടമായ സൈനിക പിന്മാറ്റം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ഇസ്രായേലിന്മേൽ സമ്മർദ്ദം ചെലുത്തുകയും മാനുഷിക സഹായ വിതരണവും പുനർനിർമാണ പ്രവർത്തനങ്ങളും വേഗത്തിലാക്കുകയും ചെയ്യുമെന്ന് സമാധാന ബോർഡ് ഉറപ്പുനൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈജിപ്തിൽ നടന്നതായി പറയപ്പെടുന്ന 90 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം തലവൻ ഖലീൽ അൽ-ഹയ്യയും ജാരെഡ് കുഷ്നറും പങ്കെടുത്തതായാണ് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രായേൽ ഭാഗത്തുനിന്നും സമാനമായ നടപടികൾ പ്രതീക്ഷിക്കുന്നുവെങ്കിൽ ഹമാസ് നിരായുധീകരണത്തിൽ വ്യക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് കുഷ്നർ വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
ഈജിപ്ത് ഇന്റലിജൻസ് മേധാവി ഹസ്സൻ റഷാദ്, ഖത്തർ പ്രതിനിധി അലി അൽ-തവാദി, തുർക്കിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ, സമാധാന ബോർഡ് പ്രതിനിധികൾ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ എന്നിവരും ചർച്ചയിൽ പങ്കെടുത്തതായാണ് റിപ്പോർട്ടിലുള്ളത്.
അതേസമയം, ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാണെന്ന സന്ദേശം ഡൊണാൾഡ് ട്രംപിനെ അറിയിക്കണമെന്ന് ഖലീൽ അൽ-ഹയ്യ ജാരെഡ് കുഷ്നറോട് അഭ്യർഥിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഈ ചർച്ചകളെക്കുറിച്ചോ റിപ്പോർട്ടുകളെക്കുറിച്ചോ ഹമാസ്, ഇസ്രായേൽ, യുഎസ് ഭരണകൂടം എന്നിവിടങ്ങളിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഗാസയിലെ യുദ്ധവും സമാധാന ശ്രമങ്ങളും തുടരുന്ന സാഹചര്യത്തിൽ ഈ റിപ്പോർട്ട് അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്.
