എതിർശബ്ദങ്ങളെ മർദിച്ചൊതുക്കുന്നു; കേരള സർവകലാശാലയിലെ പൊലീസ് നടപടിക്കെതിരെ പിണറായി വിജയൻ

കേരള സർവകലാശാല ആസ്ഥാനത്ത് വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പെൺകുട്ടികൾ ഉൾപ്പെടെയുള്ള നിരവധി വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റെന്നും എതിർശബ്ദങ്ങൾ ഉയർത്തുന്നവരെ മർദിച്ചൊതുക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ നയമെന്നും അദ്ദേഹം ആരോപിച്ചു. വനിതാ പൊലീസുകാരുടെ സാന്നിധ്യമില്ലാതെയാണ് വിദ്യാർഥിനികളെ പൊലീസ് നേരിട്ടതെന്നും പിണറായി പറഞ്ഞു.

ഓണാഘോഷത്തിന് പിന്നാലെ സർവകലാശാല പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയതെന്ന് പിണറായി പറഞ്ഞു. മാർച്ചിന് നേരെ പൊലീസ് ആദ്യം പേരിന് മാത്രമായി ജലപീരങ്കി പ്രയോഗിച്ചശേഷം ലാത്തിച്ചാർജ് നടത്തുകയായിരുന്നു. ആവശ്യമായ മുന്നറിയിപ്പുകളോ നടപടിക്രമങ്ങളോ പാലിക്കാതെയാണ് പൊലീസ് ആക്രമണം നടത്തിയതെന്നും മാർച്ചിന്റെ ഉദ്ഘാടനത്തിന് പോലും സമയം അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. സർക്കാരിന്റെ സംഘപരിവാർ വിധേയത്വം ചോദ്യം ചെയ്യപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണ് പൊലീസ് നടപടിക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, വിദ്യാർഥികളെ പൊലീസ് നിഷ്ഠൂരമായി മർദിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആരോപിച്ചു. രണ്ട് വനിതാ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റതായും രണ്ട് വിദ്യാർഥികളുടെ തലയ്ക്ക് പരുക്കേറ്റതായും അദ്ദേഹം പറഞ്ഞു. പുരുഷ പൊലീസുകാർ വിദ്യാർഥിനികളെ തലയ്ക്കടിച്ച് വീഴ്ത്തിയെന്നും ഇടത് യുവജന-വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം അടിച്ചമർത്താനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.

വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും എം.വി. ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.

മറുപടി രേഖപ്പെടുത്തുക