പത്ത് വർഷം തുടർച്ചയായി ഭരിച്ചതോടെ പാർട്ടിക്ക് അഹങ്കാരം വർധിച്ചിരുന്നു; ജനവികാരം തിരിച്ചറിയുന്നതിൽ വീഴ്ച പറ്റി: തോമസ് ഐസക്

പത്ത് വർഷം തുടർച്ചയായി ഭരിച്ചതോടെ പാർട്ടിക്ക് അഹങ്കാരം വർധിച്ചിരുന്നുവെന്നും ജനങ്ങളുടെ വികാരത്തോടൊപ്പം നിൽക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ടി.എം. തോമസ് ഐസക്. ശൂരനാട് സമരസ്മാരകമായി മണയ്ക്കാട് ജംഗ്ഷന് സമീപം സിപിഎം വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ വികാരങ്ങൾ കണക്കിലെടുത്തായിരിക്കണം സ്ഥാനാർഥി നിർണയം നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർട്ടിയുടെ നിലപാട് ജനങ്ങളിലേക്ക് വ്യക്തമായി എത്തിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു. ജനങ്ങളിൽ നിന്ന് സ്വീകരിച്ച നിക്ഷേപങ്ങൾ തിരികെ നൽകണമെന്നും വായ്പ എടുത്തവർ തിരിച്ചടവ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടവ് നടത്താത്തവർക്കെതിരെ പാർട്ടി നടപടിയെടുക്കണമെന്നും അത്തരമൊരു നിലപാടിലൂടെ മാത്രമേ ജനവിശ്വാസം വീണ്ടെടുക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് നിരവധി കാരണങ്ങളുണ്ടെന്നും അവയെല്ലാം ഗൗരവമായി പരിശോധിച്ച് തിരുത്തലുകൾ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇത്തവണ ശക്തമായ വലതുപക്ഷ ഏകീകരണമാണ് ഉണ്ടായതെന്നും വിജയത്തിനായി യുഡിഎഫ് ജാതിയെയും മതത്തെയും ഫലപ്രദമായി ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കേരളത്തിൽ മികച്ച വിജയം നേടുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക