എസ്‌എഫ്‌ഐക്കെതിരെ പൊലീസ് നരനായാട്ട്; ആർഎസ്എസിനെ തൃപ്തിപ്പെടുത്താനാണ് സർക്കാരിന്റെ നീക്കമെന്ന് എം.വി. ഗോവിന്ദൻ

കേരള സർവകലാശാലയിൽ വന്ദേമാതരം പൂർണമായി ചൊല്ലിയതിനെതിരെ പ്രതിഷേധിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെ അതിക്രൂരമായി നേരിടാനാണ് യുഡിഎഫ് സർക്കാർ തീരുമാനിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ഗവർണറെ തൃപ്തിപ്പെടുത്താനും ആർഎസ്എസിനെ സന്തോഷിപ്പിക്കാനുമാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

വിദ്യാർഥി സമരത്തിനെതിരായ പൊലീസ് നടപടി ‘നരനായാട്ട്’ ആണെന്ന് വിശേഷിപ്പിച്ച ഗോവിന്ദൻ, സമരത്തിനിടെ രണ്ട് പെൺകുട്ടികളെ ഉൾപ്പെടെ പ്രവർത്തകരെ ക്രൂരമായി മർദിച്ചതായി ആരോപിച്ചു. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് അടക്കമുള്ള നേതാക്കളെ ലക്ഷ്യമിട്ട് ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മാർച്ചിൽ പങ്കെടുക്കാത്ത വിദ്യാർഥികൾക്കെതിരെയും കേസെടുത്തതായും വീടുകളിലെത്തി അറസ്റ്റ് നടത്തുന്നതായും ആരോപിച്ച ഗോവിന്ദൻ, സർവകലാശാലകളുടെ സ്വയംഭരണാവകാശം ദുർബലപ്പെടുത്തുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വിമർശിച്ചു. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കരാറുകൾ സംസ്ഥാനത്തിന്റെ അധികാരം കുറയ്ക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

തോമസ് ഐസക്കിന്റെ പ്രതികരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അദ്ദേഹം വിശദീകരണം നൽകി. കേന്ദ്ര-സംസ്ഥാന റിവ്യൂ കമ്മിറ്റി റിപ്പോർട്ട് പരസ്യമാക്കിയിട്ടുണ്ടെന്നും അത് വായിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും പറഞ്ഞു. പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച സ്ഥാനാർഥികളെ വിമർശിക്കുകയായിരുന്നു പിണറായി വിജയൻ നടത്തിയ പ്രസംഗത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച വിഷയത്തിൽ സിപിഐയുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്നും, ഇടതുമുന്നണിയിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക