മുഖ്യമന്ത്രിക്കെതിരായ സമൂഹമാധ്യമ പരാമർശം; സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബേപ്പൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവൻ കെ. നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ‘നിതിൻ കക്കാടത്ത്’ എന്ന പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടിലൂടെ കമന്റ് ബോക്സിൽ അപകീർത്തികരമായ പരാമർശം പ്രചരിപ്പിച്ചെന്നാണ് പരാതി.

അതേസമയം, പവർകട്ടിനെ വിമർശിച്ച് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച പി.ഡി.പി പ്രവർത്തകൻ അഹമ്മദ് കബീറിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം വിവാദമായി. ആലപ്പുഴയിലെ അഹമ്മദ് കബീറിന്റെ ഫോൺ പ്രാദേശിക കോൺഗ്രസ് പ്രവർത്തകന്റെ പരാതിയെ തുടർന്നാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടിച്ചെടുത്തത്.

വിവാദത്തെ തുടർന്ന് ഫോൺ തിരിച്ചുനൽകിയെങ്കിലും, കൂടുതൽ പരിശോധനയ്ക്കായി ഡിവൈഎസ്പിയുടെ നിർദേശപ്രകാരം വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നാണ് അഹമ്മദ് കബീറിന്റെ വിശദീകരണം.

പവർകട്ടിനെ തുടർന്ന് രാത്രി കുട്ടികൾ ഉറങ്ങാതെ കരഞ്ഞ സാഹചര്യത്തിൽ ഒരു പിതാവെന്ന നിലയിലാണ് വീഡിയോ പങ്കുവെച്ചതെന്നും, താൻ ഉപയോഗിച്ച വാക്കുകൾ ഒരു സാധാരണ യുവതലമുറ പ്രയോഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് അപമാനിക്കുകയോ വ്യക്തിഹത്യ നടത്തുകയോ ചെയ്തിട്ടില്ലെന്നും അഹമ്മദ് കബീർ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക