ജാർഖണ്ഡിലെ വിദ്യാർത്ഥികളുടെ സമരങ്ങൾക്ക് പിന്തുണ അറിയിച്ച് സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. വിദ്യാർത്ഥികൾക്കൊപ്പമുള്ള പോരാട്ടങ്ങളിൽ സംഘടന സജീവമായി ഇടപെടുമെന്നും സി.ജെ.പിയുടെ പ്രവർത്തനം വിദ്യാഭ്യാസ മേഖലയിലേക്ക് മാത്രം ഒതുങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾക്കിടയിൽ സി.ജെ.പിയോടുള്ള വിശ്വാസം വർധിച്ചുവരികയാണെന്നും സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കായുള്ള റോഡ് മാപ്പ് തയ്യാറാക്കുമെന്നും അഭിജിത്ത് പറഞ്ഞു. എന്നാൽ സി.ജെ.പി രാഷ്ട്രീയ പാർട്ടിയായി മാറില്ലെന്നും അത് മാധ്യമങ്ങളുടെ അനുമാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനോടും നീതിന്യായ സംവിധാനത്തോടും മാധ്യമങ്ങളോടും ജനങ്ങൾക്കിടയിൽ അസംതൃപ്തി നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അഭിജിത്ത്, രാഷ്ട്രീയം മലിനമായ അവസ്ഥയിലാണെന്നും ആരോപിച്ചു. ഇ.ഡി, സി.ബി.ഐ പോലുള്ള ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു. ജനകീയ മുന്നേറ്റങ്ങൾ ഇനിയും ശക്തമാകുമെന്നും സി.ജെ.പി ഒരു സമ്മർദ ഗ്രൂപ്പായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിദേശ പഠനത്തിനായി കുടുംബം ചെലവിട്ട പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്കും അഭിജിത്ത് മറുപടി നൽകി. ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് ലഭിച്ച സ്കോളർഷിപ്പുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടാണ് അദ്ദേഹം പ്രതികരിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു വിശദീകരണം.
