ചിറയിൻകീഴ് സംഘർഷം: ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടി പ്രതീക്ഷിക്കുന്നു: രമ്യ ഹരിദാസ്

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. സംഭവത്തിൽ ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി രമ്യ ഹരിദാസ് പറഞ്ഞു. എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കൈയാങ്കളിയിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സംഭവത്തിൽ ഉടൻ തന്നെ പാർട്ടി തലത്തിൽ അന്വേഷണം ഉണ്ടാകുമെന്നും സൂചനയുണ്ട്.

ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ട് വിഭാഗങ്ങളായി മത്സരിച്ചിരുന്നുവെന്നും കെപിസിസിയുടെ നിർദേശപ്രകാരമാണ് ഇരു വിഭാഗങ്ങളെയും വിളിച്ച് സംസാരിച്ചതെന്നും രമ്യ ഹരിദാസ് പറഞ്ഞു. പിന്നീട് പ്രശ്നങ്ങൾ വിട്ടുവീഴ്ചയില്ലാത്ത നിലയിലേക്ക് നീങ്ങി. ഒരു വിഭാഗത്തിനൊപ്പം നിൽക്കുന്നത് ശരിയല്ലെന്ന് വിലയിരുത്തിയതിനാൽ രണ്ട് വിഭാഗങ്ങളിലെയും പ്രവർത്തകർ നടത്തിയ കൺവെൻഷനുകളിലും പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. എന്നാൽ, ഇതിന് പിന്നാലെ വാട്‌സാപ്പിലൂടെ തനിക്കെതിരെ അപവാദപ്രചാരണം നടന്നുവെന്നും, ഉപയോഗിച്ച വാക്കുകൾ പുറത്തുപറയാൻ കഴിയാത്തതാണെന്നും രമ്യ വ്യക്തമാക്കി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് സജിത്തിനെ അകറ്റിനിർത്തിയിരുന്നുവെന്നും രമ്യ ഹരിദാസ് പറഞ്ഞു. സജിത്തും വിശ്വനാഥൻ നായരും സോഷ്യൽ മീഡിയയിലും ചായക്കടയിലും ഇരുന്ന് തനിക്കെതിരെ മോശമായി സംസാരിച്ചുവെന്നും അവർ ആരോപിച്ചു. ഇക്കാര്യങ്ങൾ രമേശ് ചെന്നിത്തലയോടും ഷാഫി പറമ്പിലിനോടും സുധീർ ഷാ പാലോടിനോടും അറിയിച്ചിരുന്നുവെന്നും രമ്യ പറഞ്ഞു. വിഷയത്തിൽ ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.

സജിത്തും വിശ്വനാഥൻ നായരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ പോസ്റ്റിട്ടതെന്ന് സജാദ് പറഞ്ഞിരുന്നുവെന്നും രമ്യ ഹരിദാസ് ആരോപിച്ചു. സജാദാണ് തന്നെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അവർ പറഞ്ഞു.

പാളയം പ്രദീപ് എംപിയായിരുന്ന കാലം മുതൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നയാളാണ് താനെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. വിഷയം മാധ്യമങ്ങളിലേക്ക് കൊണ്ടുവരാതെ പാർട്ടി തലത്തിൽ നടപടി സ്വീകരിക്കണമെന്നാണ് താൻ കരുതിയിരുന്നതെന്നും അവർ പറഞ്ഞു. സജാദിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ സജിത്തും സംഘവും എങ്ങനെയാണ് അവിടെയെത്തിയതെന്ന കാര്യത്തിലും സംശയമുണ്ടെന്നും അവർ ആരോപിച്ചു. സംഘം മദ്യപിച്ചിരുന്നോയെന്ന സംശയവും രമ്യ ഹരിദാസ് ഉന്നയിച്ചു.

സംഭവത്തിനിടെ താൻ നടത്തിയ പ്രതികരണം സ്വാഭാവികമായി ഉണ്ടായതാണെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക