വിമാനങ്ങൾ ആകാശത്ത് പറക്കുന്നതാണ് പതിവ്. എന്നാൽ തുർക്കിയിലെ ഒരു എയർബസ് എ 300 ഇപ്പോൾ ഈജിയൻ കടലിന്റെ അടിത്തട്ടിലാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും സമുദ്രജീവികൾക്ക് കൃത്രിമ ആവാസകേന്ദ്രം ഒരുക്കുന്നതിനുമായി അധികൃതർ മനഃപൂർവം കടലിൽ മുക്കിയ വിമാനം ഇന്ന് ഡൈവിംഗ് പ്രേമികളുടെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്.
തുർക്കിയിലെ അയ്ഡിൻ പ്രവിശ്യയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കുഷദാസി തീരത്താണ് 2016 ജൂണിൽ എയർബസ് എ 300 കടലിൽ സ്ഥാപിച്ചത്. 54 മീറ്റർ നീളമുള്ള വിമാനം കടലിന്റെ മണൽ അടിത്തട്ടിൽ ഏകദേശം 22 മീറ്റർ ആഴത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. വിമാനം പൂർണമായും വെള്ളത്തിനടിയിലാക്കാൻ മൂന്ന് മണിക്കൂറിലേറെ സമയമെടുത്തു.
ഈ എയർബസ് എ 300ന് ദീർഘമായ ചരിത്രമാണുള്ളത്. 1980ൽ ഫ്രാൻസിലെ ടുലൂസിൽ നിർമിച്ച വിമാനം അതേ വർഷം മാർച്ച് 14നാണ് ആദ്യമായി പറന്നത്. ആയിരക്കണക്കിന് സർവീസുകൾ പൂർത്തിയാക്കിയ വിമാനം ഏകദേശം രണ്ട് പതിറ്റാണ്ടോളം ഗ്രീസിലെ ഒളിമ്പിക് എയർവേയ്‌സിന്റെ യാത്രാവിമാനമായി പ്രവർത്തിച്ചു. പിന്നീട് ചരക്ക് വിമാനമായി മാറ്റി. 2006 മുതൽ തുർക്കിയിൽ ചരക്ക് ഗതാഗതത്തിനും ഉപയോഗിച്ചു.
അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കുമുള്ള ചെലവ് വർധിച്ചതോടെ വിമാനം സർവീസിൽ നിന്ന് പിൻവലിച്ചു. എന്നാൽ അതോടെ വിമാനത്തിന്റെ യാത്ര അവസാനിച്ചില്ല. അയ്ഡിൻ മുനിസിപ്പാലിറ്റി വിമാനം ഒരു സ്വകാര്യ വിമാനക്കമ്പനിയിൽ നിന്ന് 2.70 ലക്ഷം ടർക്കിഷ് ലിറയ്ക്ക് വാങ്ങുകയായിരുന്നു. അന്ന് ഏകദേശം 93,000 ഡോളറായിരുന്നു ഇതിന്റെ വില.
കടലിൽ മുക്കുന്നതിന് മുമ്പ് വിമാനം പ്രത്യേകം തയ്യാറാക്കി. അപകടസാധ്യതയുള്ള ഭാഗങ്ങളും ഡൈവിംഗ് നടത്തുന്നവർക്ക് പരിക്കേൽക്കാൻ സാധ്യതയുള്ള ഗ്ലാസ്, മൂർച്ചയുള്ള അരികുകൾ തുടങ്ങിയവ നീക്കം ചെയ്തു. തുടർന്ന് ഇസ്താംബൂളിൽ നിന്ന് കുഷദാസിലേക്ക് റോഡ് മാർഗം എത്തിച്ച വിമാനം അവിടെ വീണ്ടും കൂട്ടിച്ചേർത്ത ശേഷമാണ് കടലിലേക്ക് ഇറക്കിയത്.
കടലിന്റെ അടിത്തട്ടിലെത്തിയതോടെ വിമാനം കൃത്രിമ പാറക്കെട്ടായി പ്രവർത്തിക്കാൻ തുടങ്ങി. ഇത്തരത്തിലുള്ള വെള്ളത്തിനടിയിലെ ഘടനകൾക്ക് ചുറ്റും വിവിധ സമുദ്രജീവികൾ ഒത്തുകൂടുകയും പിന്നീട് സസ്യങ്ങൾക്കും മറ്റ് ജീവജാലങ്ങൾക്കും ആവാസകേന്ദ്രമായി മാറുകയും ചെയ്യും. അതേസമയം, ഒരു വലിയ യാത്രാവിമാനത്തിനുള്ളിലൂടെ സഞ്ചരിക്കാനുള്ള അപൂർവ അവസരമാണ് ഇത് ഡൈവിംഗ് പ്രേമികൾക്ക് നൽകുന്നത്.
ഏകദേശം 17 മീറ്റർ ആഴത്തിൽ നിന്ന് ഡൈവിംഗ് ആരംഭിച്ച് വിമാനത്തിലെത്താം. വിമാനത്തിന്റെ വശത്തുകൂടി അകത്ത് പ്രവേശിച്ച് നീളത്തിലുള്ള ഭാഗങ്ങളിലൂടെ സഞ്ചരിക്കാനും സാധിക്കും. കോക്ക്പിറ്റും പ്രധാന ആകർഷണമാണ്. യഥാർഥ ഉപകരണങ്ങൾ, കേബിളുകൾ, സ്വിച്ചുകൾ എന്നിവ നീക്കം ചെയ്തിട്ടുണ്ടെങ്കിലും കോക്ക്പിറ്റിനുള്ളിൽ പ്രവേശിച്ച് മൂന്ന് സീറ്റുകളിൽ ഇരിക്കാനുള്ള സൗകര്യമുണ്ട്. കടൽക്ഷോഭത്തിലും വിമാനം സുരക്ഷിതമായി നിലനിൽക്കുന്നതിനായി കടൽത്തീരത്ത് പ്രത്യേകമായി നങ്കൂരമിട്ടിട്ടുണ്ട്.
ഡൈവിംഗ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തുർക്കി നേരത്തെ മൂന്ന് ചെറിയ വിമാനങ്ങൾ കൂടി കടലിൽ മുക്കിയിട്ടുണ്ട്. എന്നാൽ 54 മീറ്റർ നീളവും ഏകദേശം 44–45 മീറ്റർ ചിറകുവിസ്താരവുമുള്ള എയർബസ് എ 300 ആണ് ഇവയിൽ ഏറ്റവും വലുത്. ഇത്രയും വലിയൊരു വിമാനം തുർക്കിയിൽ വിനോദസഞ്ചാര ആവശ്യങ്ങൾക്കായി മനഃപൂർവം കടലിൽ മുക്കുന്നത് ഇതാദ്യമായിരുന്നു.
