ഇടതുമുന്നണിയുടെ തെറ്റായ നയങ്ങളും വികസനത്തിന് സൃഷ്ടിച്ച തടസ്സങ്ങളുമാണ് കേരളത്തെ ഒരു ദശാബ്ദം പിന്നോട്ടടിച്ചതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ എടുത്തുപറയത്തക്ക വികസന പ്രവർത്തനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, വരാനിരിക്കുന്ന ഭരണമാറ്റത്തിലൂടെ ഈ തകർച്ചകൾ പരിഹരിച്ച് യുഡിഎഫ് കേരളത്തെ പുതിയ പാതയിലൂടെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർച്ചയും തൊഴിലില്ലായ്മയും മൂലം കേരളത്തിലെ വിദ്യാർത്ഥികൾ വൻതോതിൽ വിദേശ രാജ്യങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്ന സാഹചര്യം അവസാനിപ്പിക്കാൻ യുഡിഎഫ് സർക്കാർ ശക്തമായ നിയമനിർമാണം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മേഖലയിൽ ഇടതുപക്ഷ സർക്കാർ കനത്ത പരാജയമാണ് നേരിട്ടതെന്നും അതാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
വികസനകാര്യങ്ങളിൽ ഇനി എൽഡിഎഫിന് തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ മുന്നേറ്റത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് പുതിയ വികസനപാതയിലേക്ക് സംസ്ഥാനത്തെ നയിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്ത്രീകളുടെ മുന്നേറ്റത്തിനും അവകാശങ്ങൾക്കുമായി കേവലം വാക്കുകളിലൂടെയുള്ള പ്രഖ്യാപനങ്ങളല്ല, മറിച്ച് പ്രവൃത്തിയിലൂടെയാണ് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയതെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പാർട്ടി മികച്ച തെരഞ്ഞെടുപ്പ് പ്രകടനമാണ് കാഴ്ചവെച്ചത്. മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിലൂടെ മുൻകാല റെക്കോർഡുകൾ മറികടന്ന് ജനങ്ങൾ യുഡിഎഫിൽ പൂർണ വിശ്വാസം അർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
