മര്യാദയ്ക്ക് സംസാരിക്കണം’; വി.ഡി. സതീശനെതിരെ സുപ്രഭാതം മുഖപ്രസംഗം, കാന്തപുരം വിവാദത്തിൽ രൂക്ഷ വിമർശനം

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത ഇ.കെ. വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതം. “മര്യാദയ്ക്ക് സംസാരിക്കണം” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് സതീശന്റെ നിലപാടുകൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്. ലേഖനത്തിൽ മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രശംസിക്കുകയും ചെയ്യുന്നു.

സ്ത്രീകളെക്കുറിച്ച് കാന്തപുരം നടത്തിയ പരാമർശം വിശ്വാസിസമൂഹം അണിനിരന്ന വേദിയിൽ നടത്തിയ മതപരമായ അഭിപ്രായപ്രകടനമാണെന്നും, അത്തരമൊരു നിലപാട് അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക സ്ത്രീസങ്കൽപ്പത്തെക്കുറിച്ചുള്ള മതിയായ ധാരണയില്ലായ്മയാണ് വിമർശനങ്ങൾക്ക് പിന്നിലെന്നും ലേഖനം ആരോപിക്കുന്നു.

മുസ്ലിം സമൂഹത്തിലെ ചിലരുടെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വി.ഡി. സതീശൻ പ്രതികരിച്ചതെന്നും മുഖപ്രസംഗം വിമർശിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് അനുകൂല നിലപാട് സ്വീകരിച്ച സതീശന്റെ രാഷ്ട്രീയ സമീപനവും ലേഖനം ചോദ്യം ചെയ്യുന്നു.

ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുൻപ് സ്വീകരിച്ച നിലപാടും ഇപ്പോൾ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തുന്ന പ്രസ്താവനകളും തമ്മിൽ വൈരുധ്യമുണ്ടെന്നും മുഖപ്രസംഗം ആരോപിക്കുന്നു. മുനമ്പം ഭൂവിഷയത്തിലും പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടുകളിലും സതീശനെ വിമർശിക്കുന്ന ലേഖനം, സമവായ രാഷ്ട്രീയത്തിന്റെ പ്രതീകമായി രമേശ് ചെന്നിത്തലയെ വിശേഷിപ്പിക്കുകയും ചെയ്യുന്നു.

തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളെയും പരാമർശിക്കുന്ന മുഖപ്രസംഗം, കോൺഗ്രസിലെ നേതൃത്വ മത്സരത്തെയും രാഷ്ട്രീയ സാഹചര്യങ്ങളെയും വിമർശനാത്മകമായി വിലയിരുത്തുന്നു.

മറുപടി രേഖപ്പെടുത്തുക