ജനപ്രിയ മദ്യബ്രാൻഡായ ഓൾഡ് മങ്കിനെ നിലവിലെ രൂപത്തിൽ ‘റം’ എന്ന പേരിൽ വിപണനം ചെയ്യാനാകില്ലെന്ന് ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റി (എഫ്എസ്എസ്എഐ) ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ന്യൂട്രൽ സ്പിരിറ്റും റം ഫ്ലേവറിംഗും ചേർത്താണ് ഉൽപ്പന്നം നിർമ്മിക്കുന്നതെന്നും അതിനാൽ ഇത് ‘റം ഫ്ലേവേഡ് സ്പിരിറ്റ്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നുമാണ് അതോറിറ്റിയുടെ നിലപാട്.
ഓൾഡ് മങ്ക് നിർമ്മാതാക്കളായ മോഹൻ റോക്കി സ്പ്രിങ് വാട്ടർ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജി പരിഗണിക്കവെയാണ് എഫ്എസ്എസ്എഐ നിലപാട് വ്യക്തമാക്കിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് രവീന്ദ്ര വി. ഘുഗെയും ജസ്റ്റിസ് ഗൗതം എ. അൻഖദും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഓൾഡ് മങ്ക് ബോട്ടിലുകളിൽ ഉപയോഗിച്ചിരുന്ന ‘Seven Years Old Blended’ എന്ന പരാമർശത്തിനെതിരെയും എഫ്എസ്എസ്എഐ എതിർപ്പ് ഉന്നയിച്ചു. ഉൽപ്പന്നത്തിലെ പാകപ്പെടുത്തിയ റം സ്പിരിറ്റിന്റെ അളവ് അഞ്ച് ശതമാനത്തിൽ താഴെയാണെന്നും, ഈ ലേബൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
ബോട്ടിലിലെ മുഴുവൻ മിശ്രിതവും ഏഴ് വർഷം പഴക്കമുള്ളതാണെന്ന ധാരണ സാധാരണ ഉപഭോക്താവിന് ഉണ്ടാകാമെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ, ഫ്ലേവറിംഗ് സംബന്ധിച്ച വിവരങ്ങൾ ലേബലിൽ വളരെ ചെറിയ അക്ഷരങ്ങളിലാണ് നൽകിയിരിക്കുന്നതെന്നും ഇത് വായിക്കാൻ ബുദ്ധിമുട്ടാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
തുടർന്ന് ‘Seven Years Old Blended’ എന്ന വാചകം ലേബലിൽ നിന്ന് ഒഴിവാക്കാനും ഫ്ലേവറിംഗ് സംബന്ധിച്ച വിവരങ്ങൾ കൂടുതൽ വ്യക്തമായി വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്താനും തയ്യാറാണെന്ന് നിർമ്മാണ കമ്പനി കോടതിയെ അറിയിച്ചു.
അതേസമയം, മഹാരാഷ്ട്രയിൽ ഉൽപ്പന്നത്തിന്റെ വിൽപ്പന നിരോധിച്ച എഫ്എസ്എസ്എഐ ഉത്തരവിനെതിരെ കമ്പനിക്ക് ഇടക്കാല ആശ്വാസം നൽകാൻ കോടതി തയ്യാറായില്ല. കേസിന്റെ തുടർവാദം ഈ മാസം 11ന് നടക്കും.
