മധ്യപ്രദേശിൽ വ്യാജമദ്യം കഴിച്ച് 12 പേർ മരിച്ചു; പത്തിലേറെ പേർ ഗുരുതരാവസ്ഥയിൽ

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ചതായി സംശയിക്കുന്നതിനെ തുടർന്ന് 12 പേർ മരിക്കുകയും പത്തിലേറെ പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഭവത്തിൽ സംസ്ഥാനത്തുടനീളം വലിയ ആശങ്ക ഉയർന്നതോടെ സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു. ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ബാധിത ഗ്രാമങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്തെ നിരവധി മദ്യശാലകൾ അടച്ചുപൂട്ടുകയും സംശയാസ്പദമായ മദ്യത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു.

സംഭവത്തിൽ മുഖ്യമന്ത്രി മോഹൻ യാദവ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബന്ധപ്പെട്ട മന്ത്രിയോടും ഉദ്യോഗസ്ഥരോടും ഉടൻ സ്ഥലത്തെത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്ന ആരോപണവും ഉയരുന്നുണ്ട്. ജില്ലയിൽ നിയമവിരുദ്ധവും വ്യാജവുമായ മദ്യം വിൽപ്പന നടത്തുന്നതായി നേരത്തെ തന്നെ പരാതികൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ‘ബോംബെ വിസ്കി’ എന്ന പേരിൽ വ്യാജ മദ്യം വിൽക്കുന്നതായി പ്രാദേശികമായി പരാതികൾ ഉയർന്നിരുന്നു. അടുത്തിടെ ഒരു മദ്യ കരാറുകാരൻ എക്സൈസ് വകുപ്പിന് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്.

നാല് ദിവസം മുമ്പ് എക്സൈസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലും ലൈസൻസുള്ള മദ്യ കരാറുകാർ വ്യാജ മദ്യ വിൽപ്പന സംബന്ധിച്ച ആശങ്കകൾ ഉന്നയിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ എക്സൈസ് വകുപ്പിന്റെ മേൽനോട്ടത്തിലെ വീഴ്ചക്കെതിരെയും വിമർശനം ശക്തമായി.

മീഥൈൽ ആൽക്കഹോൾ കലർന്ന മദ്യം കഴിച്ചതാകാം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ചികിത്സയിലുള്ള ചിലരിൽ ശരീരം നീലനിറമാകുന്ന സയനോസിസും പേശികൾക്ക് ദൃഢതയുണ്ടാകുന്നതുമുൾപ്പെടെയുള്ള ഗുരുതര ലക്ഷണങ്ങൾ കണ്ടതായി അധികൃതർ അറിയിച്ചു. മീഥൈൽ ആൽക്കഹോൾ വിഷബാധയാകാമെന്നാണ് പ്രാഥമിക സംശയമെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ദേവേഷ് പട്ടേരിയ പറഞ്ഞു.

നൗറ, ഗുഗുരു ഗ്രാമങ്ങളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ വീടുതോറും പരിശോധന നടത്തുകയാണ്. കഴിഞ്ഞ 24 മുതൽ 48 മണിക്കൂറിനിടെ മദ്യം കഴിച്ചതിന് ശേഷം ഛർദ്ദി, തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ആരോഗ്യകേന്ദ്രത്തിലെത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മുൻകരുതൽ നടപടിയായി പ്രദേശത്തെ ആറ് മദ്യശാലകൾ സീൽ ചെയ്തിട്ടുണ്ട്. മദ്യം എവിടെനിന്നാണ് എത്തിയത്, ആരാണ് വിതരണം ചെയ്തത് തുടങ്ങിയ കാര്യങ്ങളിൽ പോലീസും ഭരണകൂടവും അന്വേഷണം തുടരുകയാണ്. പോസ്റ്റ്‌മോർട്ടം, ഫോറൻസിക് പരിശോധനാ ഫലങ്ങൾ ലഭിച്ചതിന് ശേഷമേ മരണങ്ങളുടെ കൃത്യമായ കാരണം സ്ഥിരീകരിക്കാനാകൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക