പി.എം. ശ്രീ നിർബന്ധമായി നടപ്പാക്കിയാൽ വലിയ ജനകീയ പ്രക്ഷോഭം ; മുഖ്യമന്ത്രിക്കും യുഡിഎഫിനും മുന്നറിയിപ്പുമായി കെ. രാജൻ

കേരളത്തിൽ പി.എം. ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കെ. രാജൻ. പദ്ധതിക്കെതിരെ ഉയർന്നുവരുന്ന പ്രക്ഷോഭങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും യുഡിഎഫിനുമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി എതിർത്ത പദ്ധതിയാണ് പി.എം. ശ്രീയെന്നും കേരളത്തിന്റെ പൊതുവികാരം മറികടന്ന് പദ്ധതി നടപ്പാക്കാനാണ് മുഖ്യമന്ത്രിയും യുഡിഎഫും ശ്രമിക്കുന്നതെന്നും കെ. രാജൻ ആരോപിച്ചു. പദ്ധതി നിർബന്ധപൂർവം നടപ്പാക്കാൻ തീരുമാനിച്ചാൽ വലിയ ജനകീയ പ്രക്ഷോഭങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും സർക്കാർ ഉത്തരവാദിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പത്തേക്കാൾ ഇപ്പോൾ എന്ത് അടിയന്തര സാഹചര്യമാണ് പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ ഉണ്ടായതെന്നും കെ. രാജൻ ചോദിച്ചു. മെയ് അഞ്ചിന് കേന്ദ്രസർക്കാർ കേരളത്തിന് അയച്ച കത്ത് പോലും ഒരു അപേക്ഷയുടെ സ്വഭാവത്തിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പി.എം. ശ്രീ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ എസ്.എസ്.കെ ഫണ്ട് അനുവദിക്കില്ലെന്ന് കേന്ദ്രത്തിലെ ഏതെങ്കിലും മന്ത്രിയോ ഉദ്യോഗസ്ഥനോ കേരള സർക്കാരിന് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ടോയെന്നും കെ. രാജൻ ചോദിച്ചു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം ഔദ്യോഗിക നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിന്റെ ആവശ്യകത വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക