പരാതിയും പരിഭവവും ഉണ്ടാകാം, പക്ഷേ വോട്ട് മാറരുത്; സിപിഎം പ്രവർത്തകർക്ക് എം.എ. ബേബിയുടെ ഓർമപ്പെടുത്തൽ

പാർട്ടി പ്രവർത്തകർക്ക് തെറ്റ് സംഭവിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സ്ഥാനാർഥികളെ സംബന്ധിച്ച് പരാതികളും പരിഭവങ്ങളും ഉണ്ടായാലും പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിക്കെതിരെ വോട്ട് ചെയ്യുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തളിപ്പറമ്പിലും പയ്യന്നൂരിലും പിണറായി വിജയനും തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നടത്തിയ പ്രതികരണങ്ങളെ പിന്തുണച്ചാണ് എം.എ. ബേബിയുടെ നിലപാട്. പാർട്ടിക്കൊപ്പം നിൽക്കുക എന്ന ഉത്തരവാദിത്തത്തിൽ ഏത് സാഹചര്യത്തിലും നിന്ന് വ്യതിചലിക്കാൻ പ്രവർത്തകർ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

“പാർട്ടിക്കൊപ്പം നിൽക്കുക എന്ന ഉത്തരവാദിത്തത്തിൽ ഏത് സാഹചര്യത്തിലും വ്യതിചലിക്കാൻ പാടില്ല. അത് തെറ്റാണ്. അത്തരമൊരു തെറ്റായ നിലപാടിലേക്ക് പോകാൻ കാരണമായ പരാതിയുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിലാണ് പറയേണ്ടത്. തെറ്റുകൾ ഏറ്റുപറയാനും തിരിച്ചറിയാനും കഴിയുന്ന പാർട്ടിയാണ് സിപിഎം,” ബേബി പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് ചെയ്തിരുന്ന നിരവധി പേർ പാർട്ടി സ്ഥാനാർഥികൾക്കെതിരെ വോട്ട് ചെയ്തതായും ബേബി ചൂണ്ടിക്കാട്ടി. പാർട്ടി ഭരണഘടനയിലെ പ്രതിജ്ഞ പ്രകാരം പാർട്ടി താൽപര്യമാണ് അംഗങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥികളെക്കുറിച്ച് പരാതിയോ പരിഭവമോ ഉണ്ടാകാമെങ്കിലും അത് പാർട്ടിക്കെതിരായ വോട്ടായി മാറരുതെന്നും ഇത്തരം വിഷയങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ബേബി വ്യക്തമാക്കി.

അതേസമയം, സിപിഎം ഇപ്പോൾ ‘ആന്തരിക ചികിത്സ’യിലാണെന്നും ആവശ്യമായ തിരുത്തലുകൾക്ക് ചിലപ്പോൾ ‘ചവിട്ടിപ്പിഴിയൽ’ പോലും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ മാധ്യമങ്ങൾ സൃഷ്ടിച്ച അജണ്ടയാണെന്നും തിരുത്തൽ നടപടികൾ തുടർച്ചയായി നടക്കുമെന്നും ബേബി വ്യക്തമാക്കി.

ജനങ്ങൾ പാർട്ടിയെ വിമർശിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയായ ചില കാര്യങ്ങൾ പാർട്ടിയിലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

കോഴിക്കോട് നടക്കുന്ന സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഒമ്പത് പോളിറ്റ്ബ്യൂറോ അംഗങ്ങൾ പങ്കെടുക്കുമെന്നും എം.എ. ബേബി അറിയിച്ചു. സംസ്ഥാന കമ്മിറ്റികളുടെ ആവശ്യം പരിഗണിച്ചാണ് വിപുലീകൃത യോഗങ്ങൾ നടക്കുന്നതെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലല്ല യോഗം സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക