‘കിങ് ഓഫ് കൊത്ത’യുടെ പരാജയം കരിയറിനെ ഗുരുതരമായി ബാധിച്ചു; തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി

ദുൽഖർ സൽമാൻ നായകനായി 2023ൽ വലിയ പ്രതീക്ഷകളോടെ എത്തിയ ‘കിങ് ഓഫ് കൊത്ത’യുടെ പരാജയം തന്റെ കരിയറിനെ ഗുരുതരമായി ബാധിച്ചെന്ന് നടി ഐശ്വര്യ ലക്ഷ്മി. ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ നേരിടേണ്ടിവന്ന കടുത്ത ട്രോളുകളെക്കുറിച്ചും സിനിമാ മേഖലയിലുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ചും രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നുപറഞ്ഞത്.

വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രം വിജയിക്കാതെ പോയതോടെ മലയാള സിനിമയിൽ തന്നെ പിന്നീട് പലരും തന്നെ കാസ്റ്റ് ചെയ്യാൻ മടിച്ചിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ചിത്രത്തിലെ തന്റെ അഭിനയവും ഡയലോഗ് ഡെലിവറിയും വ്യാപകമായി ട്രോളുകൾക്ക് ഇരയായി. സിനിമയിൽ ദുൽഖർ സൽമാനെ ‘രാജുവേട്ട’ എന്ന് വിളിച്ചതിനെച്ചൊല്ലിയുള്ള പരിഹാസങ്ങൾ ഏറെ വേദനിപ്പിച്ചെന്നും താരം വ്യക്തമാക്കി.

‘ഹലോ മമ്മി’യുടെ ഷൂട്ടിങ് സമയത്ത് ഒരു അസിസ്റ്റന്റ് ഡയറക്ടർ പോലും ‘രാജുവേട്ട’ എന്ന വിളിയെക്കുറിച്ച് തന്നെ കളിയാക്കിയ സംഭവം വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും ഐശ്വര്യ ലക്ഷ്മി വെളിപ്പെടുത്തി.

‘കിങ് ഓഫ് കൊത്ത’യ്ക്ക് ശേഷമുണ്ടായ ട്രോളുകളുടെ ആഘാതം എത്രത്തോളം വലുതായിരുന്നുവെന്നും താരം അഭിമുഖത്തിൽ വിശദീകരിച്ചു. ചിത്രത്തിന് പിന്നാലെ ദുൽഖർ സൽമാനൊപ്പം അഭിനയിക്കേണ്ടിയിരുന്ന ഒരു പരസ്യചിത്രത്തിൽ നിന്ന് താൻ പിന്മാറിയതായും ഐശ്വര്യ പറഞ്ഞു.

തന്നോടൊപ്പം പ്രവർത്തിച്ചാൽ ആ പരസ്യത്തിന്റെ അണിയറപ്രവർത്തകർക്ക് പോലും ബുദ്ധിമുട്ടുണ്ടാകുമെന്ന തരത്തിലുള്ള സാഹചര്യമാണെന്ന് തനിക്ക് തോന്നിയിരുന്നു. തിരിച്ചടികൾ അത്രയും ശക്തമായിരുന്നതിനാലാണ് പരസ്യത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് തുറന്ന് സംസാരിച്ചതെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക