പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുലിന് മുൻതൂക്കം; പ്രധാനമന്ത്രി പദത്തിൽ നിലപാട് വ്യക്തമാക്കി എം.എ ബേബി

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രി പദത്തിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സ്വാഭാവിക അവകാശവാദമുണ്ടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാർട്ടികളും ചേർന്നായിരിക്കും പ്രധാനമന്ത്രിയെ തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണയായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനാണ് പ്രധാനമന്ത്രി പദത്തിൽ സ്വാഭാവിക അവകാശവാദമുണ്ടാകുന്നതെന്ന് എം.എ. ബേബി പറഞ്ഞു. പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാ പാർട്ടികളും ഒരുമിച്ചിരുന്ന് പക്വമായ തീരുമാനമെടുത്ത് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തിൽ സിപിഐഎം പ്രത്യേക അവകാശവാദം ഉന്നയിക്കില്ലെന്നും ബേബി പറഞ്ഞു. പാർട്ടിക്കുള്ള നിലവിലെ ശക്തി ഉപയോഗിച്ച് പ്രധാനമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിക്കുന്നത് പരിഹാസ്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് അവകാശവാദം ഉന്നയിക്കാനുള്ള സ്വാഭാവിക അവകാശമുണ്ടെന്നും ബേബി കൂട്ടിച്ചേർത്തു.

2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് എം.എ. ബേബിയുടെ പരാമർശം. തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാർഥിയെക്കുറിച്ച് അനാവശ്യമായ ഊഹാപോഹങ്ങൾ നടത്തുകയല്ല തന്റെ ലക്ഷ്യമെന്നും ബിജെപി–ആർഎസ്എസ് സർക്കാരിനെ പരാജയപ്പെടുത്തുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

1996ലെ ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് സിപിഐഎം നേതാവ് ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ നടന്ന ചരിത്രപരമായ ചർച്ചയും ബേബി ഓർമിപ്പിച്ചു.

രാഹുൽ ഗാന്ധിയെ സിപിഐഎം പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയല്ല താൻ ചെയ്തതെന്നും, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിനുള്ള സ്വാഭാവിക അവകാശത്തെക്കുറിച്ച് മാത്രമാണ് പരാമർശിച്ചതെന്നും ബേബി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം സഖ്യത്തിലെ പാർട്ടികൾ തമ്മിലുള്ള ചർച്ചയിലൂടെയായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക