രാഷ്ട്രീയം ഉപേക്ഷിച്ചതല്ലെന്നും എന്നാൽ സത്യം മുറുകെ പിടിക്കുന്ന ഒരാൾക്ക് രാഷ്ട്രീയത്തിൽ തുടരാനാകില്ലെന്ന് സമൂഹം തന്നെ പഠിപ്പിച്ചെന്നും സംവിധായകനും മുൻ എൻഡിഎ സ്ഥാനാർഥിയുമായ അഖിൽ മാരാർ. ഇനി രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് മാറിനിൽക്കുമെന്നും സ്വന്തം ജീവിതം ആസ്വദിച്ച് മുന്നോട്ടുപോകുമെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു.
‘കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, നിങ്ങൾ അവർക്ക് വേണ്ടി വാഴ്ത്തുകൾ നേരട്ടെ, മാരാർ സ്വന്തം ജീവിതം ആസ്വദിച്ച് ജീവിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പിലെ പ്രധാന പരാമർശം.
സെപ്റ്റംബർ ഏഴാണ് തന്റെ ജന്മദിനമെന്നും പരിഹാസവും പുച്ഛവും കേട്ട് വളർന്ന ഒരാൾ സമൂഹത്തിൽ റിബലായി മാറുന്നത് സ്വാഭാവികമാണെന്നും അഖിൽ കുറിച്ചു. ‘നിലപാട്’ എന്ന വാക്കും അഖിൽ മാരാർ എന്ന പേരും കേരളത്തിൽ എത്രത്തോളം ചർച്ചയായിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നിലപാടുകളിൽ ഇന്നും മാറ്റമില്ലെന്നും സത്യത്തിനൊപ്പം മാത്രമാണ് നിലകൊണ്ടതെന്നും അഖിൽ വ്യക്തമാക്കി. ആരെയും ഭയന്ന് അഭിപ്രായം പറയാതെ ഓടിയൊളിച്ചിട്ടില്ലെന്നും തന്റെ ഉള്ളിലെ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാകാം ഈശ്വരൻ തനിക്കൊപ്പം നിന്നതെന്നും അദ്ദേഹം കുറിച്ചു.
തനിക്ക് ലഭിച്ച നേട്ടങ്ങൾ പലർക്കും വലുതായി തോന്നിയേക്കാമെങ്കിലും നാട്ടിലെ സാധാരണക്കാർക്ക് വേണ്ടി ശബ്ദിക്കണമെന്ന ആഗ്രഹമാണ് തന്നെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചതെന്ന് അഖിൽ പറഞ്ഞു. എന്നാൽ സത്യത്തിനും ധർമത്തിനും നീതിക്കും സമൂഹത്തിൽ യാതൊരു വിലയുമില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
അന്ധത മൂടിയ സമൂഹത്തിൽ സത്യം വിളിച്ചുപറഞ്ഞാൽ അത് ഉൾക്കൊള്ളാനുള്ള ബോധമില്ലാത്തവർക്കിടയിൽ തനിക്ക് സ്ഥാനമില്ലെന്നും അഖിൽ ആരോപിച്ചു. വാക്കുകൾ മാറ്റി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ‘കപട രാഷ്ട്രീയ കോമാളികൾ’ തന്നെ ജനങ്ങളെ നയിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.
തനിക്ക് വേണ്ടി ശബ്ദമാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സമൂഹത്തിൽ ഇനി മിണ്ടാതിരിക്കാനാണ് തീരുമാനമെന്നും അഖിൽ പറഞ്ഞു. ‘ഞാൻ എന്നെ കൊല്ലുകയാണ്, ഞാൻ ഞാനല്ലാതെ ജീവിക്കാൻ തുടങ്ങുകയാണ്’ എന്ന പരാമർശത്തോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. എല്ലാം കണ്ടും കേട്ടും മിണ്ടാതെ ജീവിക്കാൻ ശീലിക്കുകയാണെന്നും അഖിൽ വ്യക്തമാക്കി.
തൃക്കാക്കരയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി20 സ്ഥാനാർഥിയായി മത്സരിച്ച അഖിൽ മാരാർ പരാജയപ്പെട്ടിരുന്നു. തുടർന്ന് സാബു എം. ജേക്കബിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് അഖിൽ ട്വന്റി20യിൽ നിന്ന് വിട്ടുപോയിരുന്നു.
