ദേശീയപാത 66-ന്റെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തയച്ചു. തൃശൂർ കൈപ്പമംഗലത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഇടപെടൽ.
കേരളത്തിന്റെ ഗതാഗത സംവിധാനത്തിലും സാമ്പത്തിക വളർച്ചയിലും നിർണായക സ്വാധീനം ചെലുത്തുന്ന അടിസ്ഥാന സൗകര്യ പദ്ധതിയാണ് എൻഎച്ച്-66 വികസനമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നിർമാണം പുരോഗമിക്കുന്ന വിവിധ മേഖലകളിൽ താൽക്കാലിക വഴിതിരിച്ചുവിടലുകൾ, വീതികുറഞ്ഞ പാതകൾ, പൂർത്തിയാകാത്ത റോഡ് ഭാഗങ്ങൾ, നിർമാണ മേഖലകൾ എന്നിവയിലൂടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. ഇത്തരം മേഖലകളിൽ സുരക്ഷ മുൻനിർത്തിയുള്ള ഗതാഗത നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയപാതയിൽ വാഹനങ്ങളുടെ അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാർക്കിംഗ് തടയുന്നതിനായി ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും, അപകടസാധ്യതയുള്ള മേഖലകളിൽ വ്യക്തമായ മുന്നറിയിപ്പ് ബോർഡുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്നും കത്തിൽ പറയുന്നു.
ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ അടിയന്തര പരിശോധനകൾ നടത്തി സുരക്ഷാ വീഴ്ചകൾ പരിഹരിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
