പതിവ് രീതികൾ കൊണ്ട് തിരിച്ചടി മറികടക്കാനാകില്ല; സിപിഎം സംസ്ഥാന സമിതിയില്‍ കരട് റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം

വിപുലീകൃത സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ടിനെതിരെ സിപിഐഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. റിപ്പോര്‍ട്ടില്‍ ബ്രാഞ്ച് ശക്തിപ്പെടുത്തണം, ജനബന്ധം മെച്ചപ്പെടുത്തണം തുടങ്ങിയ പതിവ് നിര്‍ദേശങ്ങള്‍ മാത്രമാണുള്ളതെന്നും ഇതുകൊണ്ടുമാത്രം പാര്‍ട്ടി നേരിടുന്ന ഇപ്പോഴത്തെ തിരിച്ചടി മറികടക്കാനാകില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

സാമ്പ്രദായിക സമീപനം ഇനി തുടരാനാകില്ലെന്ന് എം ബി രാജേഷ് സംസ്ഥാന സമിതിയില്‍ വ്യക്തമാക്കി. അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടികളാണ് വേണ്ടതെന്നും അതിന് പര്യാപ്തമല്ല നിലവിലെ റിപ്പോര്‍ട്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. കണ്ണൂരില്‍ നിന്നുള്ള ടി വി രാജേഷും പാലക്കാട്ടുനിന്നുള്ള എന്‍ എന്‍ കൃഷ്ണദാസും സമാന വിമര്‍ശനം ഉന്നയിച്ചു. നേരത്തെ പറഞ്ഞ കാര്യങ്ങളുടെ ആവര്‍ത്തനം മാത്രമാണ് റിപ്പോര്‍ട്ടിലുള്ളതെന്നായിരുന്നു ഇരുവരുടെയും നിലപാട്.

റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന വിമര്‍ശനവുമായി പി ജയരാജനും ജെ മേഴ്‌സിക്കുട്ടിയമ്മയും രംഗത്തെത്തി. പാര്‍ട്ടി നേരിടുന്ന രാഷ്ട്രീയ സാഹചര്യവും തിരിച്ചടിയുടെ കാരണങ്ങളും ഫലപ്രദമായി വിലയിരുത്തുന്ന തരത്തിലുള്ള സമീപനം റിപ്പോര്‍ട്ടില്‍ വേണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്.

സെപ്റ്റംബര്‍ 13, 14, 15 തീയതികളില്‍ കോഴിക്കോട് നടക്കുന്ന വിപുലീകൃത സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് സംസ്ഥാന സമിതി യോഗത്തിലെ പ്രധാന അജണ്ട. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച കരട് റിപ്പോര്‍ട്ടിന്മേലാണ് സംസ്ഥാന സമിതിയില്‍ ചര്‍ച്ച നടക്കുന്നത്.

കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന സമിതിയില്‍ ഒന്‍പത് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പങ്കെടുക്കും. കേരളത്തിന് പുറത്തുള്ള പിബി അംഗങ്ങള്‍ക്ക് നിരീക്ഷകരുടെ ചുമതലയായിരിക്കും. ചര്‍ച്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ടില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി അംഗീകരിക്കും. തുടര്‍ന്ന് ഒക്ടോബര്‍ 9 മുതല്‍ 11 വരെ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം റിപ്പോര്‍ട്ട് പരിഗണിക്കും.

മറുപടി രേഖപ്പെടുത്തുക