സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായ സാഹചര്യമല്ലെന്നും രാജ്യത്താകെ അനുഭവപ്പെടുന്ന വൈദ്യുതി ക്ഷാമത്തിന്റെ ഭാഗമാണിതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മഴ കുറഞ്ഞതും വൈദ്യുതി ഉത്പാദനം ഇടിഞ്ഞതും ഉപഭോഗം വർധിച്ചതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
പല വൈദ്യുത പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കുറവും ഉയർന്ന ചൂടും വൈദ്യുതി ലഭ്യതയെ ബാധിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞിരിക്കുകയാണെന്നും ഡാമുകളിലെ ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാധാരണ കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ട വൈദ്യുതി ഇപ്പോൾ ലഭ്യമല്ലെന്നും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വാങ്ങിയ വൈദ്യുതിയുടെ ബാധ്യത ഇപ്പോഴും തിരിച്ചടച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ഒന്നിലധികം തവണ വൈദ്യുതി മുടക്കം റിപ്പോർട്ട് ചെയ്തിരുന്നു. വൈകിട്ട് 6 മുതൽ രാത്രി 12 വരെ പീക്ക് സമയങ്ങളിൽ ഉപഭോഗ നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിലും കുറവുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
ഇതിനിടെ, തിരുവനന്തപുരം ചിറയിൻകീഴിൽ നടന്ന കയ്യാങ്കളിക്ക് പിന്നാലെ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് എംഎൽഎ രമ്യ ഹരിദാസ് നടത്തിയ നീക്കങ്ങളിലും കെപിസിസി നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് അഭികാമ്യമല്ലെന്നും കയ്യാങ്കളി പാർട്ടിക്ക് നല്ല പേരുണ്ടാക്കിയിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
കോൺഗ്രസ് സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ വ്യക്തിഗത സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടേറിയറ്റിന് കത്ത് നൽകിയത്. കയ്യാങ്കളി നടന്ന സെപ്റ്റംബർ 4-നാണ് കത്തിൽ തീയതി രേഖപ്പെടുത്തിയിരുന്നതെങ്കിലും കത്ത് സെക്രട്ടേറിയറ്റിൽ എത്തിയത് പിന്നീട് ആയിരുന്നുവെന്നാണ് വിവരം.
