ഫേസ്ബുക്കിൽ വി. ശിവൻകുട്ടിയുടെ റെട്രോ ലുക്ക്; കമന്റുകളിൽ നിറഞ്ഞത് സുകുമാരക്കുറുപ്പ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് 1980-കളിലെ ഫാഷനും റെട്രോ ലുക്കുമാണ്. സിനിമാ താരങ്ങൾ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ നിരവധി പേർ 80സ് സ്റ്റൈലിൽ രൂപകൽപ്പന ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന സാഹചര്യത്തിൽ, മുൻ മന്ത്രി വി. ശിവൻകുട്ടി പങ്കുവെച്ച ചിത്രവും ശ്രദ്ധേയമായി.

‘ആ വാച്ചാണ് ആദ്യം എന്റെ ശ്രദ്ധയിൽപ്പെട്ടത്’ എന്ന അടിക്കുറിപ്പോടെയാണ് വി. ശിവൻകുട്ടി ഫേസ്ബുക്കിൽ 80സ് ലുക്കിലുള്ള ചിത്രം പങ്കുവെച്ചത്. ചിത്രം വൈറലായതോടെ പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിലെ രൂപസാദൃശ്യം ചൂണ്ടിക്കാട്ടി പലരും വി. ശിവൻകുട്ടിയെ കുപ്രസിദ്ധ കുറ്റവാളിയായ സുകുമാരക്കുറുപ്പുമായി താരതമ്യം ചെയ്തു. അടുത്തിടെ മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിനെ തുടർന്ന് സുകുമാരക്കുറുപ്പ് വീണ്ടും വാർത്തകളിൽ നിറഞ്ഞുനിന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള ട്രോളുകളും കമന്റുകളും വ്യാപകമായത്.

‘സുകുമാരക്കുറുപ്പ് വീണ്ടും’, ‘സുകുമാരക്കുറുപ്പ് അല്ലെന്ന് ആരെങ്കിലും പറയുമോ?’, ‘24 ടീം കാണണ്ട, സുകുമാരക്കുറുപ്പ് തിരുവനന്തപുരത്തുണ്ടെന്ന് ബ്രേക്കിങ് ന്യൂസ് വരും’, ‘ഇതാ സുകുമാരക്കുറുപ്പ് ഇവിടെയുണ്ട്’, ‘ശിവൻകുട്ടി കുറുപ്പ്’, ‘കാണാതായ കുറുപ്പിനെ പിടിക്കൂ’, ‘മര്യാദയ്ക്ക് കീഴടങ്ങുന്നതാണ് നല്ലത് കുറുപ്പേ’ എന്നിങ്ങനെ നീളുന്ന കമന്റുകളാണ് പോസ്റ്റിന് താഴെ നിറഞ്ഞത്.

രാഷ്ട്രീയ ചർച്ചകൾക്ക് പുറമെ, ഹാസ്യവും ട്രോളുകളും നിറഞ്ഞ പ്രതികരണങ്ങളിലൂടെ വി. ശിവൻകുട്ടിയുടെ 80സ് ലുക്ക് ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപക ശ്രദ്ധ നേടുകയാണ്.

മറുപടി രേഖപ്പെടുത്തുക