ഭരണം മാറിയതോടെ യുഡിഎഫ് രാഷ്ട്രീയ പകപോക്കലിന് തയ്യാറാകുമെന്ന കണക്കുകൂട്ടലിലാണ് ഇ.ഡി: എം.വി. ഗോവിന്ദൻ

സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്വേഷണം പിണറായി വിജയനിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ ഭരണകക്ഷിയിലെ നേതാക്കൾ ഉൾപ്പെടെ സിഎംആർഎല്ലിൽ നിന്ന് പണം ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ഭരണം മാറിയതോടെ യുഡിഎഫ് രാഷ്ട്രീയ പകപോക്കലിന് തയ്യാറാകുമെന്ന കണക്കുകൂട്ടലിലാണ് ഇ.ഡി ഇപ്പോൾ സർക്കാരിനെ സമീപിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇ.ഡി നേരിട്ട് മുന്നോട്ടുപോയാൽ കോടതി കേസ് തള്ളുമെന്നതിനാലാണ് സർക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

സർക്കാരിന് നഷ്ടമുണ്ടാക്കുകയും പിണറായി വിജയന് വ്യക്തിപരമായി ലാഭമുണ്ടാക്കുകയും ചെയ്യുന്ന തരത്തിലുള്ള യാതൊരു ഇടപെടലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അതിന് തെളിവുകൾ ഒരു കോടതിയിലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലൻസ് തള്ളിക്കളഞ്ഞ വിഷയവുമായി ബന്ധപ്പെട്ടാണ് ഇ.ഡി ഇപ്പോൾ വളഞ്ഞ വഴിയിലൂടെ മുന്നോട്ടുപോകുന്നതെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.

കരുവന്നൂർ ബാങ്ക് കേസിൽ നേരിട്ട് ഉത്തരവാദികളായവരെ മാപ്പുസാക്ഷികളാക്കുകയും പാർട്ടി നേതാക്കളെ പ്രതികളാക്കുകയും ചെയ്തവരാണ് ഇ.ഡിയെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ തലത്തിൽ സിഎംആർഎല്ലിന് യാതൊരു അനുകൂല്യവും നൽകിയിട്ടില്ലെന്നും തെളിവുകളില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇ.ഡി മുന്നോട്ടുപോകുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

‘ആദ്യം ലക്ഷ്യം പ്രഖ്യാപിക്കുക, പിന്നീട് കേസ് എടുക്കുക’ എന്നതാണ് ഇ.ഡിയുടെ രീതിയെന്നും ഇപ്പോഴത്തെ ലക്ഷ്യം പിണറായി വിജയനും മുഹമ്മദ് റിയാസുമാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തെക്കുറിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് നന്നായി അറിയാമെന്നും ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ തെളിവുകളില്ലാതെ ജയിലിലടച്ചുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

കേന്ദ്രത്തിൽ ഇത്തരം നടപടികളെ ചെറുക്കുമെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും കേരളത്തിൽ കോൺഗ്രസ് എന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയമായി ഉന്നംവെച്ച് ബോധപൂർവം നടത്തുന്ന ഇടപെടലാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

സിഎംആർഎൽ ഡയറിയിൽ പേരുണ്ടായിരുന്ന രമേശ് ചെന്നിത്തലയുടെ വകുപ്പിന്റെ കീഴിലുള്ള പൊലീസിനാണ് ഇപ്പോൾ ഇ.ഡി കത്ത് നൽകിയിരിക്കുന്നതെന്നതും വിരോധാഭാസമാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മൻചാണ്ടി എന്നിവരുടെ പേരുകൾ സിഎംആർഎൽ ഡയറിയിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്എഫ്ഐഒ റിപ്പോർട്ട് നിലനിൽക്കില്ലെന്ന് വ്യക്തമായതിനാലാണ് പുതിയ കേസിന് ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. കേസ് എടുത്താൽ അത് യുഡിഎഫ്–ബിജെപി ഡീലാണെന്നും അദ്ദേഹം പറഞ്ഞു. കേസ് എടുക്കുമോയെന്നതാണ് കേരളം കാത്തിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അതേസമയം, തിരുവനന്തപുരത്തെ ഫോൺ ചോർത്തൽ വിഷയത്തിന് വിപുലീകൃത സംസ്ഥാന സമിതിയുമായി ബന്ധമില്ലെന്നും ഇക്കാര്യം പാർട്ടി അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക