ഹിന്ദി ദേശീയ ഭാഷ; ശിവരാജ്കുമാറിന്റെ പരാമർശം വിവാദത്തിൽ, കന്നഡക്കാർക്കിടയിൽ പ്രതിഷേധം

കന്നഡ നടൻ ശിവരാജ്കുമാർ ഹിന്ദി ഭാഷയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. പാൻ-ഇന്ത്യ ചിത്രമായ ‘ഒറിജിനൽ മോൺസ്റ്റർ’ സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെ നടത്തിയ പരാമർശങ്ങളാണ് കന്നഡക്കാർക്കിടയിൽ അതൃപ്തിക്ക് കാരണമായത്.

ഹിന്ദിയിൽ സംഭാഷണം നടത്തുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഹിന്ദി വളരെ എളുപ്പമുള്ള ഭാഷയാണെന്നും അത് നമ്മുടെ രണ്ടാം ഭാഷയാണെന്നും ശിവരാജ്കുമാർ പറഞ്ഞു. ഹിന്ദി ‘ദേശീയ ഭാഷ’യാണെന്നും തനിക്ക് ഹിന്ദി നന്നായി സംസാരിക്കാനാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

ശിവരാജ്കുമാറിന്റെ പരാമർശങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കന്നഡ ഭാഷാ പ്രവർത്തകരും സംസ്കാര സംരക്ഷകരും ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി. ഇന്ത്യയ്ക്ക് ഔദ്യോഗിക ‘ദേശീയ ഭാഷ’ ഇല്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. എല്ലാ പ്രാദേശിക ഭാഷകൾക്കും തുല്യ പ്രാധാന്യമുണ്ടെന്നും ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി.

കന്നഡ ഭാഷാ പ്രസ്ഥാനങ്ങളിൽ അന്തരിച്ച ഇതിഹാസ നടൻ ഡോ. രാജ്കുമാർ വഹിച്ച പങ്കും ചിലർ ഓർമിപ്പിച്ചു. ശിവരാജ്കുമാറിന്റെ പരാമർശങ്ങൾ കേട്ടാൽ രാജ്കുമാറിന്റെ ആത്മാവ് നിരാശപ്പെടുമെന്ന തരത്തിലുള്ള പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു.

അതേസമയം, ശിവരാജ്കുമാറിനെ പിന്തുണച്ചും ആരാധകർ രംഗത്തെത്തി. രാജ്യമെമ്പാടും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭാഷയെന്ന നിലയിലാണ് അദ്ദേഹം ഹിന്ദിയെക്കുറിച്ച് സംസാരിച്ചതെന്നും കന്നഡ ഭാഷയെ ഇകഴ്ത്തുക എന്ന ഉദ്ദേശം അദ്ദേഹത്തിനില്ലായിരുന്നുവെന്നുമാണ് ആരാധകരുടെ വാദം.

ഹിന്ദി സിനിമയിലേക്കുള്ള ശിവരാജ്കുമാറിന്റെ അരങ്ങേറ്റം കൂടിയാണ് ‘ഒറിജിനൽ മോൺസ്റ്റർ’. ആർ. ചന്ദ്രു സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്. ചിത്രത്തിന്റെ പ്രചാരണത്തിനിടെയാണ് ഭാഷാ പരാമർശം വിവാദമായത്.

മറുപടി രേഖപ്പെടുത്തുക