തമിഴ്‌നാട്ടിൽ വിജയ്‌യുടെ സഖ്യത്തിന് പുതിയ പേര്; ‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’

തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ തമിഴ് വെട്രി കലാഗം (ടിവികെ) മേധാവി വിജയ് നയിക്കുന്ന ഔദ്യോഗിക സഖ്യത്തിന്റെ പുതിയ പേര് അന്തിമമാക്കി. ‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ (എസ്എസ്ജെവിഎ) എന്നാണ് സഖ്യത്തിന് പേര് നൽകിയിരിക്കുന്നത്. ചെന്നൈ പനയൂരിലെ ടിവികെ ആസ്ഥാനത്ത് മുഖ്യമന്ത്രി വിജയ് അധ്യക്ഷതയിൽ ചേർന്ന സഖ്യകക്ഷികളുടെ യോഗത്തിലാണ് തീരുമാനം.

പുതിയ സഖ്യത്തിന്റെ ചെയർമാനായി വിജയ് പ്രവർത്തിക്കും. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള രണ്ടാമത്തെ വലിയ യോഗമായിരുന്നു പനയൂരിൽ നടന്നത്. ടിവികെ, കോൺഗ്രസ്, വിടുതലൈ ചിരുതൈഗൾ കച്ചി (വിസികെ), മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) എന്നീ പാർട്ടികളുടെ ഉന്നത നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

അതേസമയം, സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സിപിഐ, സിപിഎം എന്നീ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല.

വരും ദിവസങ്ങളിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ സഖ്യമായി മത്സരിക്കാനും യോഗത്തിൽ തീരുമാനമായി. മധുരാന്തകം, ധാരാപുരം തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പേരുകൾ ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

സഖ്യത്തിന്റെ പ്രവർത്തനരീതി, പൊതു മിനിമം പരിപാടി, സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരണം തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തതായി റിപ്പോർട്ടുകളുണ്ട്. സഖ്യത്തിന്റെ തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്നാണ് വിലയിരുത്തൽ.

മതേതരത്വത്തിനും സാമൂഹിക നീതിക്കും പ്രാധാന്യം നൽകുന്ന രാഷ്ട്രീയ നിലപാട് ഉയർത്തിക്കാട്ടുന്നതിനൊപ്പം വിജയ്‌യുടെ രാഷ്ട്രീയ ബ്രാൻഡായ ‘വിജയം’ എന്ന ആശയവും സഖ്യത്തിന്റെ പേരിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിൽ ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ബദലായി മൂന്നാമത്തെ പ്രധാന രാഷ്ട്രീയ ശക്തിയായി ഉയർന്നുവരുകയാണ് വിജയ് നയിക്കുന്ന സഖ്യത്തിന്റെ ലക്ഷ്യം.

പുതിയ സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിലും വിജയ് നേതൃത്വം നൽകുന്ന മുന്നണി നിർണായക ശക്തിയാകുമോയെന്ന ചർച്ചയും സജീവമായിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക