പരിധിയില്ലാത്തതും ശുദ്ധവുമായ ഊർജം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ നടത്തുന്ന ഫ്യൂഷൻ ഗവേഷണത്തിൽ നിർണായക മുന്നേറ്റം. ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ചിന്റെ (IPR) കീഴിൽ പ്രവർത്തിക്കുന്ന സ്റ്റഡി സ്റ്റേറ്റ് സൂപ്പർകണ്ടക്റ്റിംഗ് ടോകമാക്-1 (SST-1) പുതിയതും ശക്തിയേറിയതുമായ ഗൈറോട്രോൺ സംവിധാനവുമായി ബന്ധിപ്പിച്ചു. ഇതോടെ ഫ്യൂഷൻ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് കൂടുതൽ വേഗം കൈവരിക്കുമെന്നാണ് പ്രതീക്ഷ.
ഡോണട്ടിന്റെ ആകൃതിയിലുള്ള പരീക്ഷണാത്മക ഫ്യൂഷൻ റിയാക്ടറാണ് SST-1. സൂര്യനിൽ നടക്കുന്ന ഊർജോൽപ്പാദന പ്രക്രിയ ഭൂമിയിൽ പുനഃസൃഷ്ടിച്ച് വലിയ തോതിൽ ഊർജം ഉൽപ്പാദിപ്പിക്കാനുള്ള സാധ്യത പഠിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി അത്യന്തം ഉയർന്ന താപനിലയിലുള്ള പ്ലാസ്മയെ നിയന്ത്രിച്ച് സ്ഥിരമായി നിലനിർത്തുക എന്നതാണ് പ്രധാന വെല്ലുവിളി.
പുതുതായി സ്ഥാപിച്ച 82.6 GHz, 400 കിലോവാട്ട് ശേഷിയുള്ള ഗൈറോട്രോൺ പ്ലാസ്മയെ ഉയർന്ന താപനിലയിലേക്ക് ചൂടാക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഉപയോഗിക്കും. നിലവിലുള്ള 42 GHz, 500 കിലോവാട്ട് ഗൈറോട്രോൺ സംവിധാനത്തിനൊപ്പം പുതിയ സംവിധാനം പ്രവർത്തിക്കും. ഇതിലൂടെ വിവിധ സാഹചര്യങ്ങളിൽ പരീക്ഷണങ്ങൾ നടത്താൻ ശാസ്ത്രജ്ഞർക്ക് കൂടുതൽ സൗകര്യം ലഭിക്കും.
സൂര്യനിൽ അത്യന്തം ചൂടുള്ള പ്ലാസ്മയെ ഗുരുത്വാകർഷണം നിയന്ത്രിക്കുന്നുണ്ടെങ്കിൽ, ഭൂമിയിൽ ഫ്യൂഷൻ പ്രക്രിയ സാധ്യമാക്കാൻ ശക്തമായ കാന്തികക്ഷേത്രങ്ങളുടെ സഹായത്തോടെയാണ് പ്ലാസ്മയെ നിയന്ത്രിക്കുന്നത്. എന്നാൽ പ്ലാസ്മയെ ആവശ്യമായ ഉയർന്ന താപനിലയിൽ സ്ഥിരതയോടെ ദീർഘനേരം നിലനിർത്തുക എന്നത് ഫ്യൂഷൻ ഗവേഷണത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്.
ഇന്ത്യൻ ശാസ്ത്രജ്ഞർ ഫ്യൂഷൻ പരീക്ഷണങ്ങളിൽ ഏകദേശം 200 ദശലക്ഷം ഡിഗ്രി സെൽഷ്യസ് വരെ താപനില കൈവരിച്ചിട്ടുണ്ട്. ഇത് സൂര്യന്റെ കേന്ദ്രഭാഗത്തെ താപനിലയേക്കാൾ നിരവധി മടങ്ങ് കൂടുതലാണ്. ഇത്തരം ഉയർന്ന താപനിലയിൽ പ്ലാസ്മയെ നിയന്ത്രിക്കുന്നതിനുള്ള ഗവേഷണങ്ങൾ ഭാവിയിലെ ഫ്യൂഷൻ സാങ്കേതികവിദ്യയ്ക്ക് നിർണായകമാണ്.
അതേസമയം, SST-1ൽ നിലവിൽ വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നില്ല. ഗവേഷണ ആവശ്യങ്ങൾക്കായാണ് റിയാക്ടർ ഉപയോഗിക്കുന്നത്. പുതിയ ഗൈറോട്രോൺ സംവിധാനം പ്രവർത്തനക്ഷമമാകുന്നതോടെ ഉയർന്ന താപനിലയിലുള്ള പ്ലാസ്മയുടെ സ്വഭാവവും നിയന്ത്രണവും സംബന്ധിച്ച് കൂടുതൽ ആഴത്തിലുള്ള പരീക്ഷണങ്ങൾ നടത്താൻ സാധിക്കും.
ഭാവിയിൽ ഫ്യൂഷൻ റിയാക്ടറുകൾ വികസിപ്പിക്കുന്നതിനും ശുദ്ധമായ ഊർജോൽപ്പാദനത്തിനുള്ള പുതിയ സാധ്യതകൾ തുറക്കുന്നതിനും SST-1ലെ ഇത്തരം ഗവേഷണങ്ങൾ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
