ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതി; കേരള സർവകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തിലെ ആരോപണവിധേയമായ ക്രമക്കേടുകൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ കേരള സർവകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. സിന്‍ഡിക്കറ്റ് അംഗം ആർ.എസ്. ശശികുമാർ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാലംഗ ഉപസമിതിയെ നിയോഗിച്ചത്.

പ്രബന്ധത്തിൽ വ്യാപകമായ പിഴവുകളും ക്രമക്കേടുകളും ഉണ്ടെന്ന പരാതി ഗവർണർ സർവകലാശാലയ്ക്ക് കൈമാറിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ലെന്നാണ് പരാതി. പ്രാഥമിക പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ പിഎച്ച്ഡി ബിരുദം സസ്പെൻഡ് ചെയ്ത് വിദഗ്ധ സമിതിയെക്കൊണ്ട് വിശദമായ അന്വേഷണം നടത്തണമെന്നാണ് ശശികുമാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ചിന്താ ജെറോം കേരള സർവകലാശാലയിൽ സമർപ്പിച്ച ‘നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന പ്രബന്ധമാണ് വിവാദമായത്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘വാഴക്കുല’ എന്ന കവിത വൈലോപ്പിള്ളി ശ്രീധരമേനോന്റേതാണെന്ന് പ്രബന്ധത്തിൽ തെറ്റായി രേഖപ്പെടുത്തിയതായും ആരോപണമുണ്ട്. വൈലോപ്പിള്ളി എന്ന പേരിന് പകരം ‘വൈലോപ്പള്ളി’ എന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പരാതി.

ഇതിന് പുറമെ ‘ബോധി കോമൺസ്’ വെബ്സൈറ്റിലെ ലേഖനം പകർത്തിയാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു. സിന്‍ഡിക്കേറ്റ് നിയോഗിച്ച ഉപസമിതിയുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർനടപടികളിൽ തീരുമാനം

മറുപടി രേഖപ്പെടുത്തുക