ജീവിതം ചെറുതാണ്, ഓരോ നിമിഷവും വിലപ്പെട്ടതാണ്; നടി അനുപമ പരമേശ്വരന്റെ പുതിയ ഇൻസ്റ്റഗ്രാം കുറിപ്പ് ശ്രദ്ധേയമാകുന്നു. ജീവിതത്തിലെ അനുഭവങ്ങളും ഓർമകളും പങ്കുവെച്ചുകൊണ്ടാണ് അനുപമയുടെ പുതിയ പോസ്റ്റ്. “ഇന്ന് നമുക്കുള്ളതെല്ലാം മാത്രമാണ്” എന്ന സന്ദേശമാണ് കുറിപ്പിലൂടെ താരം പങ്കുവച്ചത്.
ഒരു റീൽ പങ്കുവെച്ചുകൊണ്ട് “വെറുമൊരു റീൽ അല്ല, ഓർമ്മകളുടെ ഒരു ശേഖരം” എന്നായിരുന്നു അനുപമയുടെ കുറിപ്പ്. ജീവിതം അപ്രതീക്ഷിതത്വങ്ങൾ നിറഞ്ഞതാണെന്നും ഓരോ അനുഭവവും ഓരോ പാഠം ബാക്കിവെക്കുമെന്നും താരം പറയുന്നു.
“ചിലത് മനോഹരമായിരിക്കും, ചിലത് ബുദ്ധിമുട്ടേറിയതും. എന്നാൽ എല്ലാം നമ്മിൽ എന്തെങ്കിലും അവശേഷിപ്പിക്കും. ജീവിതം ചെറുതാണ് എന്നതാണ് ഞാൻ മനസ്സിലാക്കിയ ഒരു കാര്യം. ഓരോ നിമിഷവും പ്രധാനമാണ്. ഓരോ ഓർമയും പ്രധാനമാണ്. ഇന്ന് നമുക്കുള്ളതെല്ലാം മാത്രമാണ്,” അനുപമ കുറിച്ചു.
കഴിഞ്ഞ ജൂലൈയിലും അനുപമ പങ്കുവെച്ച ഒരു നിഗൂഢ ഇൻസ്റ്റഗ്രാം കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. “ഒടുവിൽ നിങ്ങളുടെ സമാധാനം കണ്ടെത്താൻ നിങ്ങൾ ചിലത് ഉപേക്ഷിക്കേണ്ടിവരും. ഇന്ന് സമാധാനം എന്നെ കണ്ടെത്തി” എന്നായിരുന്നു അന്നത്തെ കുറിപ്പിന്റെ തുടക്കം.
ഇനി സ്വന്തം ശബ്ദത്തിനും ജീവിതത്തിനും മുൻഗണന നൽകുമെന്നും ഭയത്തെയും മറ്റുള്ളവരുടെ അനുമതിയെയും ആശ്രയിക്കാതെ മുന്നോട്ട് പോകുമെന്നും അന്ന് അനുപമ വ്യക്തമാക്കിയിരുന്നു. “ഇനി അനുമതികളില്ല, ഇനി ഭയമില്ല. ഞാൻ എന്റെ ജീവിതം തിരഞ്ഞെടുക്കുന്നു,” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
തന്റെ ആരാധകരോടുള്ള നന്ദിയും അനുപമ അന്ന് പങ്കുവെച്ചിരുന്നു. തനിക്കൊപ്പം നിന്നതിനും വിശ്വസിച്ചതിനും സ്നേഹം നൽകിയതിനും നന്ദി പറഞ്ഞ താരം, തനിക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ലഭിച്ച ഓരോ സന്ദേശവും പ്രാർഥനയും കരുതലും വലിയ പിന്തുണയായിരുന്നുവെന്നും കുറിച്ചിരുന്നു.
“എന്നെ എന്നിലേക്ക് തിരികെ നയിച്ചതിന് നന്ദി. ഇതാ രോഗശാന്തിയിലേക്ക്, സ്വാതന്ത്ര്യത്തിലേക്ക്, എന്നെത്തന്നെ തിരഞ്ഞെടുക്കുന്നതിലേക്ക്. ഒടുവിൽ പൂർണമായും എന്റേതായ ഒരു ജീവിതത്തിലേക്ക്,” എന്ന വാക്കുകളോടെയായിരുന്നു ആ കുറിപ്പ് അവസാനിച്ചത്.
പുതിയ പോസ്റ്റിലും ജീവിതത്തിന്റെ മൂല്യവും ഓർമകളുടെ പ്രാധാന്യവും മുന്നോട്ടുവച്ചതോടെ, അനുപമയുടെ വാക്കുകൾ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാകുകയാണ്.
