പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിലെ 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ഒരു മാസം നീളുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ സംഘടിപ്പിക്കുമെന്ന് ബിജെപി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെയാണ് വിവിധ സേവന-ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കുന്നത്. കുറഞ്ഞത് 50 ലക്ഷം പേരിലേക്ക് പ്രചാരണം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മോദി സർക്കാരിന്റെ വിവിധ ക്ഷേമ-വികസന പദ്ധതികളുടെ പ്രയോജനം കേരളത്തിലെ ഏകദേശം 80 ശതമാനം ആളുകൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. ക്ഷേമപദ്ധതികൾ, ബാങ്കിങ് സേവനങ്ങൾ, ഡിജിറ്റൽ പേയ്മെന്റുകൾ, കോവിഡ് വാക്സിനേഷൻ തുടങ്ങിയ മേഖലകളിലെ കേന്ദ്ര ഇടപെടലുകൾ ജനങ്ങളിലെത്തിയതിന്റെ വ്യാപ്തി പ്രചാരണത്തിലൂടെ അവതരിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് വ്യക്തമാക്കി.
സംസ്ഥാനത്തെ 20,000 ബൂത്തുകളിലായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും പദ്ധതികളുടെ പ്രയോജനം എത്രത്തോളം ജനങ്ങളിലെത്തിയെന്ന് വിലയിരുത്തുന്നതിനുമായി ഏകദേശം 2,000 ബിജെപി പ്രവർത്തകർ വാർഡ് തലത്തിൽ വിവരശേഖരണവും ഓഡിറ്റും നടത്തും. അർഹരായിട്ടും പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്തവരെ കണ്ടെത്തി അവ ലഭ്യമാക്കുന്നതിനായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കും.
2001 ഒക്ടോബർ ഏഴിന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. ഗുജറാത്തിലെ മോദിയുടെ ഭരണകാലത്ത് വികസനവും ഭരണവും കേന്ദ്രീകരിച്ചുള്ള സമീപനമാണ് മുന്നോട്ടുവച്ചതെന്നും, 2014ൽ പ്രധാനമന്ത്രിയായതിന് ശേഷം അടിസ്ഥാന സൗകര്യ വികസനത്തിലും സമ്പദ്വ്യവസ്ഥയിലും ഇന്ത്യ കൈവരിച്ച പുരോഗതിയും പ്രചാരണത്തിന്റെ ഭാഗമായി അവതരിപ്പിക്കുമെന്നും ബിജെപി അറിയിച്ചു.
കാമ്പയിന്റെ ഭാഗമായി ‘വികാസ് കേ ലിയേ ദീപം’ പരിപാടിയും സംഘടിപ്പിക്കും. കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ വീടുകളിൽ ദീപം തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ ഏഴ് വരെ സ്കൂൾ വിദ്യാർഥികൾക്കായി ‘സ്വപ്ന ഭാരത്’ എന്ന വിഷയത്തിൽ ചിത്രരചന, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കും. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഏഴ് വരെ ‘അങ്കണവാടി ഉത്സവ്’ നടക്കും. ഇതോടൊപ്പം സെപ്റ്റംബർ 25 മുതൽ ഒക്ടോബർ രണ്ട് വരെ രക്തദാന ക്യാമ്പുകളും മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കും. ഒരു വർഷം മുമ്പ് ആരംഭിച്ച ബിജെപിയുടെ ഹെൽപ്പ് ഡെസ്കുകളും പരിപാടികളുടെ ഏകോപനത്തിൽ പങ്കാളികളാകും.
തിരുവനന്തപുരം കോർപ്പറേഷൻ, പാലക്കാട്, തൃപ്പൂണിത്തുറ നഗരസഭകൾ, ബിജെപി ഭരിക്കുന്ന പഞ്ചായത്തുകൾ എന്നിവിടങ്ങളിലും സേവാ സമർപ്പൺ മാസത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികൾ നടക്കും. ഒക്ടോബർ ഏഴിന് സംസ്ഥാനത്തെ 30 ബിജെപി സംഘടനാ ജില്ലാ കേന്ദ്രങ്ങളിൽ നിന്ന് ‘വികാസ് ജ്യോതി യാത്രകൾ’ സംഘടിപ്പിക്കും. പാർട്ടി പ്രവർത്തകരും കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളും പങ്കെടുക്കുന്ന പൊതുയോഗങ്ങളിലാകും യാത്രകൾ സമാപിക്കുക.
പൊതുസേവനം രാഷ്ട്രീയത്തിന്റെ അടിത്തറയായിരിക്കണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മോദിയുടെ 25 വർഷത്തെ പൊതുജീവിതത്തിന്റെ യാത്ര ജനങ്ങളുമായി പങ്കുവയ്ക്കുന്നതിനും കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി നേരിട്ട് സംവദിക്കുന്നതിനുമാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
