ആരെയാണ് രാജ്യം വിടാൻ അനുവദിക്കേണ്ടതെന്ന് അധികാരികൾ തീരുമാനിക്കും; ചൈനയുടെ പുതിയ നിയമത്തിനെതിരെ ഹ്യൂമൻ റൈറ്റ്സ് വാച്ച്

ചൈനയിൽ സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ അതിർത്തി നിയന്ത്രണ നിയമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് . ദേശീയ സുരക്ഷ, സാങ്കേതിക സുരക്ഷ തുടങ്ങിയ അവ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പൗരന്മാരെയും ചില വിദേശികളെയും രാജ്യം വിടുന്നതിൽ നിന്ന് തടയാൻ അധികൃതർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ ചട്ടങ്ങളെന്ന് HRW ആരോപിച്ചു.

പുതിയ ചട്ടങ്ങൾ പ്രകാരം ചില സാഹചര്യങ്ങളിൽ ചൈനീസ് പൗരന്മാർക്ക് ആറ് മാസം മുതൽ മൂന്ന് വർഷം വരെ യാത്രാ വിലക്ക് ഏർപ്പെടുത്താം. ദേശീയ സുരക്ഷയെയോ വ്യാവസായിക-സാങ്കേതിക സുരക്ഷയെയോ ബാധിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയെന്ന് അധികൃതർ കരുതുന്നവർക്കാണ് പ്രധാനമായും നിയന്ത്രണങ്ങൾ ബാധകമാകുക.

യാത്രാ വിലക്കിന്റെ കാരണങ്ങളും മാനദണ്ഡങ്ങളും പല വ്യവസ്ഥകളിലും വ്യക്തമായി നിർവചിച്ചിട്ടില്ലെന്നാണ് HRWയുടെ വിമർശനം. ചില സാഹചര്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയ വിവരം പോലും ദേശീയ സുരക്ഷയെയോ അന്വേഷണത്തെയോ ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി വ്യക്തിയെ അറിയിക്കാതിരിക്കാനും നിയമം അനുവദിക്കുന്നുണ്ട്.

വിദേശികൾക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമാകാമെന്ന് HRW മുന്നറിയിപ്പ് നൽകി. 2025 ജൂലൈയിൽ യുഎസ് സർക്കാർ ജീവനക്കാരനെയും വെൽസ് ഫാർഗോ ബാങ്ക് ഉദ്യോഗസ്ഥനെയും ക്രിമിനൽ കുറ്റം ചുമത്താതെയാണ് ചൈന വിടുന്നതിൽ നിന്ന് അധികൃതർ തടഞ്ഞതെന്നും സംഘടന ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒരു ദശകമായി ചൈനയിൽ രാജ്യം വിടുന്നതിനുള്ള നിയന്ത്രണങ്ങൾ വർധിച്ചുവരികയാണെന്നും പ്രത്യേകിച്ച് ഉയ്ഗൂർ വിഭാഗം ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും യാത്രാ നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടെന്നും HRW പറഞ്ഞു. പുതിയ നിയമങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിലും അക്കാദമിക് സ്വാതന്ത്ര്യത്തിലും കൂടുതൽ പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്കയും സംഘടന പ്രകടിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക