ആന്റോ അഗസ്റ്റിനെതിരെ മെസി വിഷയത്തിന് അപ്പുറം സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം: സാബു എം. ജേക്കബ്

റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെതിരായ അന്വേഷണം മെസി തട്ടിപ്പ് കേസിൽ മാത്രം ഒതുക്കരുതെന്ന് ട്വന്റി-ട്വന്റി പ്രസിഡന്റ് സാബു എം. ജേക്കബ്. കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം 1,050 കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് സാബു എം. ജേക്കബിന്റെ ആരോപണം. മാധ്യമപ്രവർത്തനത്തിന്റെ പേരിലാണ് ഇത്തരം സാമ്പത്തിക ഇടപാടുകൾ നടന്നതെന്നും അദ്ദേഹം ആരോപിച്ചു. മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പ് നിയമവിരുദ്ധ പ്രവർത്തനങ്ങളിലെ ചെറിയൊരു സംഭവം മാത്രമാണെന്നും സാബു എം. ജേക്കബ് പറഞ്ഞു.

ആന്റോ അഗസ്റ്റിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എസ്‌ഐടി അന്വേഷണം എത്രത്തോളം ഫലപ്രദമാകുമെന്നതിൽ സംശയമുണ്ടെന്നും ഹവാല, കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും സാബു എം. ജേക്കബ് ആവശ്യപ്പെട്ടു.

വിശ്വാസ്യതയുള്ള അന്വേഷണ ഏജൻസി എത്തിയാൽ തന്റെ കൈവശമുള്ള 800 പേജുള്ള രേഖകൾ കൈമാറാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും പണവും മദ്യവും നൽകി സ്വാധീനിക്കാൻ ആന്റോ അഗസ്റ്റിൻ ശ്രമിച്ചുവെന്നും സാബു എം. ജേക്കബ് ആരോപിച്ചു.

ബ്രോഡ്കാസ്റ്റിങ് ലൈസൻസും നാഷണൽ സെക്യൂരിറ്റി ക്ലിയറൻസും ഇല്ലെങ്കിൽ റിപ്പോർട്ടർ ചാനലിനെതിരെ നടപടി സ്വീകരിക്കാനാകുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക