റിപ്പോർട്ടർ ചാനലിൽ പൊലീസ് നടത്തിയ റെയ്ഡിനെതിരെ രംഗത്തെത്തി സിപിഐഎം എം.പി. ജോൺ ബ്രിട്ടാസ്. നടപടി കേവലം റിപ്പോർട്ടർ ചാനലിനെതിരെയുള്ളത് മാത്രമല്ലെന്നും കേരളത്തിലെ മുഴുവൻ മാധ്യമസ്ഥാപനങ്ങൾക്കുമുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ബ്രിട്ടാസ് ആരോപിച്ചു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരു മാധ്യമസ്ഥാപനത്തിന് സമീപം പോലും പൊലീസ് സാന്നിധ്യമുണ്ടായിരുന്നെങ്കിൽ ഉയരുന്ന പ്രതികരണം എന്താകുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ബ്രിട്ടാസ്, ഇപ്പോഴത്തെ പൊലീസ് നടപടിയെ ശക്തമായി അപലപിച്ചു. കൃത്യമായ നിർദേശത്തിന്റെ ഭാഗമായാണ് പരിശോധന നടന്നതെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടർ ചാനലിലെ ജീവനക്കാരുടെ ഫോൺ പിടിച്ചെടുത്ത നടപടിയെയും ബ്രിട്ടാസ് വിമർശിച്ചു. ഫോൺ പിടിച്ചെടുത്ത നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് നടപടിക്കെതിരെ തുടർനടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ പരിശോധനയ്ക്ക് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള സംശയം കൂടുതൽ ശക്തമാകുമെന്നും ബ്രിട്ടാസ് പറഞ്ഞു.
അമേരിക്കയിലുള്ള രമേശ് ചെന്നിത്തലയെ കാണിക്കാനാണോ പുലർച്ചെ റെയ്ഡ് നടത്തിയതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. മാധ്യമസ്ഥാപനത്തിൽ നടന്ന പൊലീസ് നടപടിയുടെ സാഹചര്യവും രീതിയും സംബന്ധിച്ച് വ്യക്തത ആവശ്യമാണെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
അതേസമയം, പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ടും ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. യോഗം പാർട്ടി പ്രവർത്തകരിൽ വലിയ ആവേശം സൃഷ്ടിച്ചുവെന്നും ജനങ്ങൾ പാർട്ടിയെ ചേർത്തുപിടിക്കുന്നുവെന്നതിന്റെ സൂചനകളാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാൻ പാർട്ടി തയ്യാറാണെന്ന സന്ദേശം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലൂടെ വ്യക്തമാക്കിയെന്നും ബ്രിട്ടാസ് പറഞ്ഞു. ഇടതുപക്ഷത്തെ ജനങ്ങൾ കൈവിടില്ലെന്ന പ്രതികരണങ്ങളാണ് വിവിധ മേഖലകളിൽ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം സംഘടനാ പ്രവർത്തനത്തിലെ ആദ്യ ഘട്ടമാണെന്നും അടുത്ത ഘട്ടമായി വിശാല ജില്ലാ കമ്മിറ്റികൾ ചേരുമെന്നും ബ്രിട്ടാസ് വ്യക്തമാക്കി. അതിനുശേഷം കൂടുതൽ ഏകോപനത്തോടെ പാർട്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
