അരമണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ നിർബന്ധിച്ചു; റിപ്പോർട്ടർ ടി.വി റെയ്ഡിൽ എം.എ. ബേബി

റിപ്പോർട്ടർ ടി.വി ഓഫീസിൽ നടന്ന പൊലീസ് റെയ്ഡ് വലിയ രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് സിപിഎം നേതാവ് എം.എ. ബേബി. ഏകദേശം അരമണിക്കൂറോളം സംപ്രേഷണം നിർത്തിവയ്ക്കാൻ നിർബന്ധിതരായെന്നും വനിതാ മാധ്യമപ്രവർത്തകരുടെ സ്മാർട്ട് ഫോണുകളും വാർത്താ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഫോണും ബലമായി പിടിച്ചുവച്ചെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ മാധ്യമങ്ങൾക്ക് നേരിടേണ്ടിവന്ന നിയന്ത്രണങ്ങളെ ഓർമിപ്പിക്കുന്ന നടപടിയാണ് ഇപ്പോഴുണ്ടായതെന്നും എം.എ. ബേബി പറഞ്ഞു. എഡിറ്റോറിയൽ റൂമുകളിൽ കടന്നുചെന്ന് ഇത്തരത്തിലുള്ള ഇടപെടലുകൾ നടത്തിയതായി തന്റെ ഓർമയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാപന ഉടമകൾ ഉൾപ്പെട്ട കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് പൊലീസ് എത്തിയതെന്നാണ് വിശദീകരണം. എന്നാൽ വാർത്താ ചാനലിന്റെ എഡിറ്റോറിയൽ വിഭാഗം നടത്തുന്ന പ്രവർത്തനങ്ങളെ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരേണ്ടതുണ്ടോയെന്ന കാര്യത്തിൽ എം.എ. ബേബി ചോദ്യം ഉന്നയിച്ചു.

മാധ്യമ സ്ഥാപനത്തിലെ എഡിറ്റോറിയൽ പ്രവർത്തനങ്ങളിൽ പൊലീസ് ഇടപെടുന്നത് ആശങ്കാജനകമാണെന്നും റെയ്ഡിനിടെ മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചുവച്ച നടപടിയെക്കുറിച്ച് വിശദീകരണം നൽകേണ്ടതുണ്ടെന്നും എം.എ. ബേബി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക