വന്ദേമാതരം മുഴുവൻ കാണാതെ പാടിയാൽ ഞാൻ രാജിവെക്കും; ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

കർണാടകയിൽ വന്ദേമാതരത്തിന്റെ ആലാപനരീതിയെ ചൊല്ലി ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പോര് ശക്തമാകുന്നു. സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങൾ മാത്രം ആലപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ, ബിജെപി നേതാക്കളായ ബി.വൈ. വിജയേന്ദ്രയ്ക്കും ആർ. അശോകിനും തുറന്ന വെല്ലുവിളി ഉയർത്തി.

ടെലിപ്രോംപ്റ്ററിന്റെയോ പേപ്പറിന്റെയോ സഹായമില്ലാതെ വന്ദേമാതരത്തിന്റെ മുഴുവൻ ശ്ലോകങ്ങളും ആലപിക്കാൻ ബിജെപി നേതാക്കൾ തയ്യാറാകണമെന്നും, അങ്ങനെ ചെയ്താൽ താൻ മന്ത്രിസ്ഥാനം രാജിവെക്കാമെന്നും ഖാർഗെ പറഞ്ഞു.

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങൾ മാത്രമേ പൊതുപരിപാടികളിൽ ആലപിക്കാവൂ എന്ന നിലപാട് ചരിത്രപരമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയ ദേശീയ നേതാക്കളുടെ കാലത്ത് സ്വീകരിച്ച നിലപാടാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും ഖാർഗെ പറഞ്ഞു.

അതേസമയം, വന്ദേമാതരത്തിന്റെ 150-ാം വാർഷികവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾ ചൂണ്ടിക്കാട്ടി, മുഴുവൻ ഖണ്ഡികകളും ആലപിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇതേ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും ഖാർഗെ വിമർശിച്ചു.

സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ ഗിരീഷ് ഭരദ്വാജ് നൽകിയ ഹർജിയിൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവുകളെന്നാണ് ആരോപിക്കുന്നത്. സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.

വന്ദേമാതരം വിഷയത്തിൽ രാഷ്ട്രീയ വാദപ്രതിവാദങ്ങളും നിയമപോരാട്ടവും ഒരേസമയം ശക്തമാകുന്നതോടെ കർണാടകയിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക