കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) പേരും തെരഞ്ഞെടുപ്പ് ചിഹ്നവും താൽക്കാലികമായി മരവിപ്പിച്ചു. പാർട്ടിക്കുള്ളിലെ അവകാശത്തർക്കത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്. പാർട്ടിയുടെ പേരിനും ചിഹ്നത്തിനും ഇരു വിഭാഗങ്ങളും അവകാശവാദം ഉന്നയിച്ച സാഹചര്യത്തിൽ വിഷയത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും പാർട്ടിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ ‘പൂക്കളും പുല്ലും’ അടങ്ങിയ ചിഹ്നവുമാണ് മരവിപ്പിച്ചിരിക്കുന്നത്. ഇതോടെ തൃണമൂൽ കോൺഗ്രസിലെ ഇരു വിഭാഗങ്ങൾക്കും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പുതിയ പേരും പുതിയ ചിഹ്നവും തിരഞ്ഞെടുക്കേണ്ട സാഹചര്യം രൂപപ്പെട്ടു.
നാളെ രാവിലെ 11 മണിക്ക് മുമ്പായി പുതിയ പേരും ചിഹ്നവും നിർദേശിച്ച് കമ്മീഷനെ അറിയിക്കണമെന്ന് ഇരു വിഭാഗങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. രണ്ടു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ പരിശോധന നടക്കാനിരിക്കെയാണ് കമ്മീഷന്റെ നിർണായക നടപടി.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് നിയമസഭാകക്ഷി രണ്ടായി പിരിഞ്ഞിരുന്നു. തുടർന്ന് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗം പാർട്ടിയുടെ പേരിനും ചിഹ്നത്തിനും തങ്ങൾക്കാണ് യഥാർഥ അവകാശമെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
