പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തിയും മൂലധനച്ചെലവ് കുറച്ചും കെ.എസ്.ആർ.ടി.സി.യെ ശക്തമായ വളർച്ചയുടെ പാതയിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. നിലവിൽ സർവീസ് നടത്തുന്ന 5,750 ബസുകളിൽ നിന്ന് 10,000 ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന വലിയ പൊതുഗതാഗത സംവിധാനമായി കെ.എസ്.ആർ.ടി.സി.യെ വികസിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ ടുഡേ റൗണ്ട് ടേബിളിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും ബസുകൾ വാങ്ങി കെ.എസ്.ആർ.ടി.സി.ക്ക് കൈമാറാൻ കഴിയുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ ലഭിക്കുന്ന ബസുകൾ കിലോമീറ്റർ അടിസ്ഥാനത്തിൽ നിശ്ചിത തുക നൽകി കെ.എസ്.ആർ.ടി.സി.യുടെ ഭാഗമായി സർവീസ് നടത്താനാണ് പദ്ധതി.
യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി വാട്സാപ്പ് നമ്പർ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഇതിന് പുറമെ, ഊബർ ആപ്പ് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി. ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉടൻ നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു.
പൊതുഗതാഗത സേവനങ്ങൾക്കപ്പുറം പുതിയ മേഖലകളിലേക്കും കെ.എസ്.ആർ.ടി.സി. വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തുറമുഖ അധിഷ്ഠിത ചരക്കുനീക്ക രംഗത്തേക്കുള്ള പ്രവേശനം സർക്കാർ പരിഗണിക്കുന്നതെന്നും സി.പി. ജോൺ കൂട്ടിച്ചേർത്തു. സ്ഥാപനത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനുമുള്ള വിവിധ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
