റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡുമായി ബന്ധപ്പെട്ട് 2,684.57 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നൽകിയ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ്സി ബി ഐ കേസ് രജിസ്റ്റർ ചെയ്തത്. റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡ്, മുൻ ചെയർമാൻ അനിൽ ഡി. അംബാനി, മുൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സതീഷ് സേത്ത്, അജ്ഞാത പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് എഫ്‌ഐആർ.
2012 ഏപ്രിൽ 12 മുതൽ 2018 മാർച്ച് 9 വരെയുള്ള കാലയളവിൽ റിലയൻസ് ക്യാപിറ്റൽ പുറത്തിറക്കിയ അഞ്ച് നോൺ-കൺവേർട്ടബിൾ ഡിബഞ്ചറുകളിൽ (NCD) എൽഐസി 3,900 കോടി രൂപ നിക്ഷേപിച്ചതായാണ് പരാതിയിൽ പറയുന്നത്. പൊതു കോർപറേറ്റ് ആവശ്യങ്ങൾ, ഫണ്ടിംഗ് ആവശ്യകതകൾ, നിലവിലുള്ള കടത്തിന്റെ റീഫിനാൻസിങ് എന്നിവയ്ക്കായാണ് നിക്ഷേപം നടത്തിയതെന്നാണ് എൽഐസിയുടെ വിശദീകരണം.
എന്നാൽ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തി വഞ്ചന, ക്രിമിനൽ വിശ്വാസവഞ്ചന, ഫണ്ട് ദുരുപയോഗം, വഴിതിരിച്ചുവിടൽ, അക്കൗണ്ടുകളിൽ കൃത്രിമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്നാണ് എൽഐസിയുടെ ആരോപണം. തെറ്റായ വിവരങ്ങൾ നൽകി റിലയൻസ് ക്യാപിറ്റലിൽ നിക്ഷേപിക്കാൻ എൽഐസിയെ പ്രേരിപ്പിക്കുകയും തുടർന്ന് നിക്ഷേപിച്ച തുകയിൽ ക്രമക്കേട് നടത്തുകയും ചെയ്തതായും പരാതിയിൽ ആരോപിക്കുന്നു.
ഇതിലൂടെ എൽഐസിക്ക് 2,684.57 കോടി രൂപയുടെ തെറ്റായ നഷ്ടമുണ്ടായെന്നും പ്രതികൾക്കും മറ്റ് ഗുണഭോക്താക്കൾക്കും തത്തുല്യമായ തെറ്റായ നേട്ടമുണ്ടായെന്നും എൽഐസി ആരോപിച്ചു. ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കേസിൽ ഉൾപ്പെട്ട പൊതുപ്രവർത്തകരുടെയും സ്വകാര്യ വ്യക്തികളുടെയും പങ്ക് കണ്ടെത്തുന്നതിനും ആരോപിക്കപ്പെടുന്ന ക്രിമിനൽ ഗൂഢാലോചന പരിശോധിക്കുന്നതിനും നിക്ഷേപിച്ച ഫണ്ടുകളുടെ അന്തിമ ഉപയോഗം കണ്ടെത്തുന്നതിനുമാണ് അന്വേഷണം നടത്തുന്നതെന്ന് സിബിഐ വ്യക്തമാക്കി. ഫണ്ടുകൾ വഴിതിരിച്ചുവിട്ടിട്ടുണ്ടോ എന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.
റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ കമ്പനികൾക്കെതിരെ പൊതുമേഖലാ ബാങ്കുകൾ, എൽഐസി, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) എന്നിവ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ സിബിഐ നേരത്തെയും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ ചിലതിൽ കുറ്റപത്രങ്ങൾ സമർപ്പിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. കേസുകളിലെ അന്വേഷണം സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാണ് തുടരുന്നതെന്നും സിബിഐ അറിയിച്ചു.
അതേസമയം, പുതിയ എഫ്‌ഐആറിൽ ഉന്നയിച്ച ആരോപണങ്ങളിൽ അനിൽ അംബാനിക്ക് തെറ്റൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കിയത്. കേസ് റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡുമായി ബന്ധപ്പെട്ടതാണെന്നും 2005 മുതൽ 2021 നവംബർ വരെ അംബാനി കമ്പനിയുടെ ബോർഡിൽ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ/ചെയർമാനായിരുന്നുവെന്നും വക്താവ് പറഞ്ഞു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കമ്പനിയുടെ ഡയറക്ടർ ബോർഡിനെ മറികടന്ന് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിരുന്നുവെന്നും അംബാനി ആരോപണങ്ങൾ നിഷേധിക്കുന്നതായും വക്താവ് വ്യക്തമാക്കി. നിയമപരമായി ലഭ്യമായ എല്ലാ അവകാശങ്ങളും അംബാനി സംരക്ഷിക്കുന്നതായും വക്താവ് അറിയിച്ചു.
