എസ്ഐആറിൽ ക്രമക്കേട് ; ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് കെ.ടി.ആർ

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആർ നടപടിയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു (കെ.ടി.ആർ). വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ ഇടപെട്ട് അന്വേഷണം നടത്തണമെന്നും സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉടൻ രാജിവയ്ക്കണമെന്നും കെ.ടി.ആർ ആവശ്യപ്പെട്ടു.

ഇന്ത്യൻ ഭരണഘടനയ്ക്ക് മുകളിലായി ആരുമില്ലെന്നും ഒരു പൗരന്റെയും വോട്ടവകാശം കവർന്നെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളെ സംരക്ഷിക്കുന്നതിനായി 140 കോടി ജനങ്ങളുടെ അവകാശങ്ങൾ എങ്ങനെ ചവിട്ടിമെതിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വോട്ടവകാശം ദുർബലപ്പെടുത്താനുള്ള നീക്കങ്ങളിൽ ജുഡീഷ്യറി ഇടപെടണമെന്നും കെ.ടി.ആർ ആവശ്യപ്പെട്ടു.

എസ്ഐആർ നടപടിയുടെ ഭാഗമായി, പ്രത്യേകിച്ച് ബിആർഎസ് എംഎൽഎമാർ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിൽ, നിരവധി വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് നീക്കം ചെയ്തതായും അദ്ദേഹം ആരോപിച്ചു.

അതേസമയം, വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ ഹൈദരാബാദിലെ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന് മുന്നിൽ സമരം നടത്തുമെന്ന് ബിആർഎസ് പ്രഖ്യാപിച്ചു. പ്രതിഷേധം പിന്നീട് ഡൽഹിയിലേക്കും വ്യാപിപ്പിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക