ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകുന്നത് അവസാനിപ്പിക്കണം; മോദിയോട് മൂന്ന് ചോദ്യങ്ങളുമായി മല്ലികാർജുൻ ഖാർഗെ

ചൈനയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ രീതിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രതിപക്ഷത്തെ വിമർശിക്കുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിനെയും രാജ്യത്തെ ജനങ്ങളെയും വിശ്വാസത്തിലെടുത്ത് യഥാർഥ വസ്തുതകൾ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകുന്നത് അവസാനിപ്പിക്കണം. പ്രധാനമന്ത്രി മോദി രാജ്യത്തിന് മുന്നിൽ സത്യം തുറന്നുപറയണം’ എന്നായിരുന്നു ഖാർഗെയുടെ എക്‌സിലെ കുറിപ്പ്.

ദേശീയ സുരക്ഷ, സാമ്പത്തിക സുരക്ഷ, നയതന്ത്ര ഉത്തരവാദിത്വം എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് ഖാർഗെ പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങൾ ചോദിച്ചത്. അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി (പിഎൽഎ) ഏറ്റുമുട്ടൽ തുടരുന്നുവെന്ന ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ ഡയറക്ടർ ജനറലിന്റെ സ്ഥിരീകരണം ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോക്‌ലാം, ഗാൽവാൻ സംഘർഷങ്ങൾ ഓർമിപ്പിച്ച ഖാർഗെ, അതിർത്തിയിൽ വീണ്ടും ഗുരുതരമായ ഏറ്റുമുട്ടൽ സാഹചര്യം രൂപപ്പെടുകയാണോയെന്നും ചോദിച്ചു.

ഓഗസ്റ്റിൽ തക്സിങ്ങിന് സമീപം ചൈനീസ് കടന്നുകയറ്റമുണ്ടായെന്ന റിപ്പോർട്ടുകളും ഖാർഗെ ചൂണ്ടിക്കാട്ടി. വാച്ചാ–ദാമായിയിൽ കോർ കമാൻഡർ തലത്തിൽ ചർച്ചകൾ നടന്നിട്ടും 47 ദിവസത്തിന് ശേഷവും സംഘർഷം അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകളെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ ഇന്ത്യയുടെ പട്രോളിങ് അവകാശങ്ങൾ പരിമിതപ്പെട്ടിട്ടുണ്ടോയെന്നും അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന വസ്തുത നിലനിൽക്കെ ഇക്കാര്യങ്ങളിൽ രാജ്യത്തെ ഇരുട്ടിൽ നിർത്തുന്നത് എന്തിനാണെന്നും ഖാർഗെ ചോദിച്ചു.

സാമ്പത്തിക സുരക്ഷയെക്കുറിച്ച് സംസാരിക്കവെ, 2020–21 സാമ്പത്തിക വർഷത്തിലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇന്ത്യയിലേക്കുള്ള ചൈനീസ് ഇറക്കുമതി 102 ശതമാനം വർധിച്ചതായും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി 155 ശതമാനം ഉയർന്ന് 112.16 ബില്യൺ ഡോളറിലെത്തിയതായും ഖാർഗെ ആരോപിച്ചു. ചൈന ഇന്ത്യൻ കയറ്റുമതിക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ പോലും സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ ചൈനീസ് നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും ചൈനയുമായി ബന്ധമുള്ള യോഗ്യമായ സംരംഭങ്ങൾക്ക് ഉൽപ്പാദനാധിഷ്ഠിത ആനുകൂല്യങ്ങൾ (പിഎൽഐ) നൽകാനും സർക്കാർ ആലോചിക്കുന്നുവെന്നാണ് ഖാർഗെയുടെ വിമർശനം. ‘മേക്ക് ഇൻ ഇന്ത്യ’ എന്ന മുദ്രാവാക്യം ‘ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുക’ എന്ന നിലയിലേക്ക് മാറിയോയെന്നും അദ്ദേഹം ചോദിച്ചു.

ചൈനയുമായി പ്രധാനമന്ത്രി മോദി നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട കുറഞ്ഞത് 23 കൂടിക്കാഴ്ചകളും ഇടപെടലുകളും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പങ്കെടുത്ത പ്രത്യേക പ്രതിനിധിതല ചർച്ചകളുടെ 25 റൗണ്ടുകളും, വർക്കിങ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോ-ഓർഡിനേഷന്റെ 36 യോഗങ്ങളും ഖാർഗെ പരാമർശിച്ചു. ഷാങ്ഹായ് സഹകരണ സംഘടനയുടെയും ബ്രിക്സിന്റെയും തുടർച്ചയായ ഉച്ചകോടികളിലും ഇരുരാജ്യങ്ങളും പങ്കെടുത്തിട്ടുണ്ട്. ഇത്രയധികം ചർച്ചകൾ നടത്തിയിട്ടും എന്ത് വ്യക്തമായ നേട്ടമാണ് ഇന്ത്യക്ക് ലഭിച്ചതെന്നും 2020 മെയ് മാസത്തിന് മുമ്പുണ്ടായിരുന്ന പട്രോളിങ് അവകാശങ്ങൾ പൂർണമായി പുനഃസ്ഥാപിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യൻ സായുധസേനയിൽ പൂർണ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ ഖാർഗെ, ദേശീയ സുരക്ഷ ഉറപ്പാക്കാൻ നയതന്ത്ര കൂടിക്കാഴ്ചകളുടെ ചിത്രങ്ങൾ മാത്രം പോരെന്നും യഥാർഥ ഉത്തരവാദിത്വവും കൃത്യമായ വിശദീകരണവും ആവശ്യമാണെന്നും പറഞ്ഞു. ‘ഹഗ്പ്ലോമസി’യെന്ന പരിഹാസപദവും ഉപയോഗിച്ച അദ്ദേഹം, പ്രതിപക്ഷത്തെ ആക്രമിക്കുന്നത് അവസാനിപ്പിച്ച് അതിർത്തിയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള മുഴുവൻ വസ്തുതകളും പാർലമെന്റിലും രാജ്യത്തെ ജനങ്ങൾക്കു മുന്നിലും പ്രധാനമന്ത്രി അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക