വന്ദേമാതരത്തിന്റെ പൂർണരൂപത്തിന് മതപരമായ യുദ്ധഗാനത്തിന്റെ സ്വഭാവം; സർക്കാരിന്റെ ആലാപന നിർദേശം ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി

സർക്കാർ, വിദ്യാഭ്യാസ ചടങ്ങുകളിൽ ആറ് ഖണ്ഡങ്ങളുള്ള ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവുകൾ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. കേരളത്തിൽ നിന്നുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബാലകൃഷ്ണൻ സത്യഭാമ മാവോജിയാണ് ഹർജി സമർപ്പിച്ചത്. ആറ് ഖണ്ഡങ്ങളുള്ള ഗാനത്തിൽ മതപരമായ പരാമർശങ്ങളുണ്ടെന്നും അത് നിർബന്ധമാക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹർജിയിലെ വാദം.

ഈ വർഷം ജനുവരി 28നും ജൂലൈ 9നും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളെയാണ് ഹർജിക്കാരൻ ചോദ്യം ചെയ്യുന്നത്. ‘ആനന്ദമഠം’ എന്ന നോവലിൽ നിന്നുള്ള വന്ദേമാതരത്തിന്റെ പൂർണരൂപം മതപരമായ യുദ്ധഗാനത്തിന്റെ സ്വഭാവമുള്ളതാണെന്നും ഹിന്ദു ദേവതകളായ ദുർഗ, ലക്ഷ്മി, സരസ്വതി എന്നിവരെ സ്തുതിക്കുന്ന പരാമർശങ്ങൾ അതിലുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഗാനം ആലപിക്കാൻ പൗരന്മാരെ നിർബന്ധിക്കുന്നത് മനഃസാക്ഷി സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നും ഭരണഘടനയുടെ 14, 19, 21, 25, 28 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാരൻ വാദിക്കുന്നു.

സ്വാതന്ത്ര്യാനന്തരം ദേശീയഗാനമായി അംഗീകരിക്കപ്പെട്ട വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡങ്ങളിൽ മാതൃരാജ്യത്തിന്റെ പ്രകൃതിഭംഗിയും മഹത്വവുമാണ് വിവരിക്കുന്നതെന്നും മതപരമായ പരാമർശങ്ങളില്ലെന്നും ഹർജിയിൽ പറയുന്നു. രവീന്ദ്രനാഥ ടാഗോറും 1937ലെ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയും ആദ്യ രണ്ട് ഖണ്ഡങ്ങളെയാണ് അംഗീകരിച്ചതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവുകൾ മതേതരത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. വിവാദ ഉത്തരവുകൾ റദ്ദാക്കുക, വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡങ്ങൾ മാത്രം ഔദ്യോഗികമായി ദേശീയഗീതമായി പ്രഖ്യാപിക്കുക, മതവിശ്വാസത്തിന്റെ പേരിൽ ഗാനം ആലപിക്കാത്തവർക്കെതിരെ നടപടിയെടുക്കുന്നത് തടയുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നേരത്തെയും സുപ്രീം കോടതിയിൽ ഹർജികൾ എത്തിയിട്ടുണ്ട്. കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ ഉൾപ്പെടെയുള്ളവർ ഇതേ വിഷയത്തിൽ കോടതിയെ സമീപിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക