രജനികാന്ത് ചിത്രം ‘ജയിലർ 2’വിലെ ‘അലാ ബോലെലോ’ എന്ന ഗാനത്തിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് നടിയും നർത്തകിയുമായ ഷംന കാസിം. കേരള സാരിയുടുത്ത് രജനികാന്തിനൊപ്പം ചുവടുവെച്ച ഷംനയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആറുദിവസം നീണ്ടുനിന്ന ഗാനചിത്രീകരണത്തിൽ പങ്കെടുക്കുമ്പോൾ താൻ ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ, ഭർത്താവ് ഷാനിദ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വൈകാരിക കുറിപ്പും ചർച്ചയായിരുന്നു. ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ എന്ന തരത്തിൽ ചോദ്യങ്ങൾ ഉയർന്നതിനു പിന്നാലെ, കുറിപ്പിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഷംന. ‘വനിത’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ജയിലർ 2’വിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏകദേശം 45 ദിവസത്തോളം ഭർത്താവിൽനിന്ന് അകന്നുനിൽക്കേണ്ടിവന്നതാണ് ഷാനിദിനെ വൈകാരികമായ കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ചതെന്ന് ഷംന പറഞ്ഞു. ഇരുവരും തമ്മിൽ തെറ്റിപ്പിരിഞ്ഞതാണോ എന്ന തരത്തിൽ പലരും ചോദിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി. നീണ്ടനാൾ പരസ്പരം കാണാൻ കഴിയാതിരുന്നതിന്റെ സങ്കടമാണ് കുറിപ്പിന് പിന്നിലെന്നും ഷംന വിശദീകരിച്ചു.
ദുബായിലെ ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒയാണ് ഷാനിദ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഷാനിദ് അറേബ്യൻ ശൈലിയിലുള്ള നീളൻ വസ്ത്രമായ കന്തുറ ധരിച്ചും ഷംന ഭരതനാട്യ വേഷത്തിലുമുള്ള ചിത്രങ്ങൾക്ക് ചിലപ്പോൾ മോശം കമന്റുകൾ ലഭിക്കാറുണ്ടെന്നും താരം പറഞ്ഞു. എന്നാൽ ഇത്തരം പ്രതികരണങ്ങൾ ഷാനിദ് കാര്യമായി ഗൗനിക്കാറില്ലെന്നും ഷംന കൂട്ടിച്ചേർത്തു.
തന്റെ കലാജീവിതത്തിൽ അമ്മ നൽകിയ പിന്തുണയെക്കുറിച്ചും ഷംന അഭിമുഖത്തിൽ സംസാരിച്ചു. ചെറുപ്പം മുതൽ കഴിവുകൾ തിരിച്ചറിഞ്ഞ് കരിയർ കെട്ടിപ്പടുക്കാൻ സഹായിച്ചത് അമ്മയാണെന്ന് താരം പറഞ്ഞു. ജീവിതത്തിൽ മുന്നോട്ടുപോകുമ്പോഴും നൃത്തം ഉപേക്ഷിക്കരുതെന്ന് അമ്മ എപ്പോഴും ഉപദേശിക്കാറുണ്ടായിരുന്നു. ഇപ്പോൾ അമ്മയെപ്പോലെ ഭർത്താവും തന്റെ കലാജീവിതത്തിന് പിന്തുണ നൽകുന്നുണ്ടെന്നും ഷംന വ്യക്തമാക്കി.
വിവാഹശേഷവും നൃത്തത്തിന് പ്രാധാന്യം നൽകുന്ന ഷംന ദുബായിൽ സ്വന്തമായി ഡാൻസ് ക്ലാസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം, സ്റ്റേജ് പെർഫോമൻസുകളിൽനിന്ന് മാറിനിൽക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും ലോകത്തെവിടെയും നൃത്തപരിപാടികൾക്കായി പോകാൻ തയ്യാറാണെന്നും താരം പറഞ്ഞു. സിനിമയിൽ ‘ജയിലർ 2’ പോലൊരു ചിത്രത്തിൽ ശ്രദ്ധേയമായ നൃത്താവസരം ലഭിച്ചതും കലാരംഗത്ത് സജീവമായി തുടരുന്നതിന്റെ ഭാഗമാണെന്നും ഷംന കൂട്ടിച്ചേർത്തു.
