പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ; മുൻ ഡെപ്യൂട്ടി സെക്രട്ടറിയുടെ വിരമിക്കൽ ആനുകൂല്യവും തടയും

പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ സസ്‌പെൻഡ് ചെയ്തു. മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ തടയാനും തീരുമാനമായി.

കേസിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ആർ. ഹരിക്കെതിരെ നടപടിയെടുത്തത്. കോടതിയിൽ പ്രതിപ്പട്ടിക സമർപ്പിച്ചതിന് പിന്നാലെയാണ് സസ്‌പെൻഷൻ. ആർ. ഹരിക്ക് പുറമെ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെയും ക്രൈംബ്രാഞ്ച് കേസിൽ പ്രതി ചേർത്തിരുന്നു.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പിഎസ്‌സി നൽകിയ ഹർജി പരിഗണിക്കവെ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേസിലെ പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമാണ് നടത്തുന്നതെന്ന് കോടതി ചോദിച്ചു. പിഎസ്‌സിയും സർക്കാരും പരസ്പരം ഒത്തുകളിക്കുന്നതായി തോന്നിയാൽ ജനങ്ങൾക്ക് സംശയമുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

അതേസമയം, അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ തുടർനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക