നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, ദരിദ്ര വിദ്യാർത്ഥികൾക്കായി സൗജന്യ എസി ട്യൂഷൻ സെന്ററുകൾ ആരംഭിക്കാനുള്ള നീക്കം തമിഴ്നാട്ടിൽ ചർച്ചയാകുന്നു. ധനുഷിന്റെ ആരാധക സംഘടനയായ ‘ധനുഷ് നർപാണി ഇയക്കം’ വഴിയാണ് വിദ്യാഭ്യാസ സഹായ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
2027 ജനുവരി മുതൽ പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ‘സ്മാർട്ട് സ്റ്റഡി ഹബ്ബുകൾ’ സ്ഥാപിക്കാനാണ് നീക്കം. ഓരോ കേന്ദ്രത്തിലും മൂന്ന് അധ്യാപകരെയും ഒരു സഹായിയെയും നിയമിക്കും. ഇവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംഘടന വഹിക്കുമെന്നാണ് വിവരം.
ധനുഷ് തന്റെ ആരാധക കൂട്ടായ്മകളെ ക്ഷേമപ്രവർത്തനങ്ങൾക്കായി കൂടുതൽ സജീവമാക്കുന്നതും പൊതുജന സമ്പർക്ക പരിപാടികൾ വിപുലീകരിക്കുന്നതും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ചെന്നൈയിൽ മൂവായിരത്തോളം വനിതാ അംഗങ്ങളുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയും ശ്രദ്ധ നേടിയിരുന്നു.
‘തമിഴഗ എലുച്ചി കലഗം’ എന്ന പേരിൽ ധനുഷ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളും നേരത്തെ ഉയർന്നിരുന്നു. എന്നാൽ, രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് താരം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
വിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ചുള്ള പുതിയ ക്ഷേമപദ്ധതി ധനുഷിന്റെ പൊതുപ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, പദ്ധതിയും രാഷ്ട്രീയ പ്രവേശനവും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.
